പുനലൂർ: പുനലൂർ പട്ടണത്തിലെ അനധികൃത വാഹന പാർക്കിഗും അശ്രദ്ധമായ ഡ്രൈവിംഗും മൂലം കാൽ നടയാത്രക്കാർ വലയുന്നു. കാൽ നടയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ട്രാഫിക് ബോധവൽക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി പുനലൂർ നഗരസഭയും കേരളകൗമുദിയും സംയുക്തമായി സെമിനാർ സംഘടിപ്പിക്കുന്നു. 10ന് ഉച്ചയ്ക്ക് 2ന് നഗരസഭാ ഹാളിൽ ചെയർമാൻ കെ. രാജശേഖരൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ മുഖ്യാതിഥിയാകും. ദേശീയ പാതയിലെ ചെമ്മന്തൂർ മുതൽ ടി.ബി. ജംഗ്ഷൻ വരെയും തുടർന്ന് മാർക്കറ്റ്, വെട്ടിപ്പുഴ റോഡുകളിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അനധികൃത വാഹന പാർക്കിംഗ് പാടില്ലെന്ന ബോർഡ് സ്ഥാപിച്ചിട്ടുളള സ്ഥലങ്ങളിൽ പോലും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. പുനലൂർ എസ്.ഐ ജെ. രാജീവ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരൻ തുടങ്ങിയവർ സെമിനാറിൽ ക്ലാസുകൾ നയിക്കും.
കർശന നടപടി സ്വീകരിക്കണം
വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന് കാണിച്ച് സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പോലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസ്ഥയാണിപ്പോൾ. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണം.പുനലൂർ ടി.ബി ജംഗ്ഷനിൽ നിന്ന് ഐക്കരക്കോണത്തേക്ക് തിരിയുന്ന പാതയോരത്ത് അനധികൃതമായി നടത്തുന്ന മത്സ്യ വ്യാപാരം അടക്കമുള്ള കച്ചവടങ്ങൾ മൂലം ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നഗരമദ്ധ്യത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് സമീപം പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണം. ഡ്രൈവർമാർക്കും വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ബോധവൽക്കരണം നൽകുന്നത് ഗുണം ചെയ്യും
എസ്. സുബിരാജ്, കൗൺസിലർ, പുനലൂർ നഗരസഭ
കല്ലടയാറിന് മദ്ധ്യേ പുതിയ പാലം വേണം
പുനലൂർ ടൗണിലൂടെ കടന്ന് പോകുന്ന കല്ലടയാറിന് മദ്ധ്യേ പുതിയ പാലം പണിതാൽ പട്ടണത്തിലെ ഗതാഗതക്കുക്കും അനധികൃത വാഹന പാർക്കിഗും പരിഹരിക്കാനാകും. ടൗണിലെ പാതയോരങ്ങളിൽ പണിയുന്ന പുതിയ കെട്ടിടങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ സൗകര്യമുണ്ടെന്ന് ഉറപ്പ് നൽകിയ ശേഷമേ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാവൂ. ഇങ്ങനെ ചെയ്താൽ ഒരു പരിധിവരെ അനധികൃത വാഹന പാർക്കിംഗ് ഒഴിവാക്കാം. പട്ടണത്തിലെ സമാന്തര പാതയോരങ്ങൾ കൈയേറുന്നത് മൂലം ഇത് വഴി വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഫുഡ് പാത്തിലെ വഴിയോരക്കച്ചവടവും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ ബോധവൽക്കരണത്തിലൂടെ പരിഹരിക്കാൻ സെമിനാർ സംഘടിപ്പിച്ച കേരളകൗമുദിയെ അഭിനന്ദിക്കുന്നു.
ജി. ജയപ്രകാശ്, കൗൺസിലർ, പുനലൂർ നഗരസഭ
വൺവേ റോഡ് ഉപയോഗിക്കണം
പട്ടണത്തിലെ ഒരു ജംഗ്ഷനിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാത്ത ടൗൺ പുനലൂർ ആണ്. ഇത് കാരണം വാഹനങ്ങൾ തോന്നുന്ന സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന അവസ്ഥയാണിപ്പോൾ. ടൗണിലെ വൺവേ റോഡ് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല. വൺവേ റോഡ് ഫലപ്രദമായി ഉപയോഗിച്ചാൽ ടൗണിലെ അനധികൃത വാഹന പാർക്കിംഗും ഗതാഗതക്കുരുക്കും പരിഹരിക്കാനാകും. കച്ചേരി റോഡിന്റെ രണ്ട് ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടായി മാറുകയാണ്. ടൗണിലെയും, കച്ചേരി റോഡിലെയും പാതയോരത്തെ ഒരു വശത്ത് മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യാൻ നടപടികൾ സ്വീകരിക്കണം. ഇക്കാര്യങ്ങൾ ചെയ്യാതെ എല്ലാ പ്രശ്നങ്ങൾക്കും ഓട്ടോ ഡ്രൈവർമാര കുറ്റം പറയുന്ന നടപടി ആരോഗ്യകരമല്ല.
എസ്. ജഗനാഥൻ, ഓട്ടോ ഡ്രൈവർ, മാർക്കറ്റ് ജംഗ്ഷൻ, പുനലൂർ
ഗതാഗതക്കുരുക്കിന്റെ കാരണം
പുനലൂർ പട്ടണത്തിൽ പ്രവേശിക്കാതെ വാഹനങ്ങൾക്ക് കടന്ന് പോകാൻ വേണ്ടി പണിത വൺവേ റോഡുകൾ ഉപയോഗിക്കാത്തതാണ് ടൗണിൽ വാഹനങ്ങൾ പെരുകാനും അനധികൃത പാർക്കിംഗ് വർദ്ധിക്കാനുമുള്ള പ്രധാനകാരണം. ഇത് മൂലം കാൽനടയാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നത്.