pathanapuram
മക്കളായ ശാന്തമ്മ ശാരദ എന്നിവർക്കൊപ്പം കേശവനാശാൻ

പത്തനാപുരം: അഞ്ചോളം തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ

കേശവനാശാൻ 119ന്റെ നിറവിൽ. പത്തനാപുരം പട്ടാഴി പുളിമുക്ക് നാരായണ സദനത്തിൽ ഇ.കെ. കേശവനാണ് ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച ഈ ആശാൻ. വയസ് 119 ആയിട്ടും ആശാൻ പഴയകാല വിജയദശമി ദിന ഓർമ്മകൾ പങ്കു വയ്ക്കുകയാണ്.

കണ്ണിന് കാഴ്ച കുറഞ്ഞത് ഒഴിച്ചാൽ ഇപ്പോഴും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. 72 വർഷക്കാലം കുടിപ്പള്ളിക്കൂടം നടത്തിയ ആശാൻ പൂഴിമണലിൽ വിരൽ തുമ്പാലും പനയോലയിൽ നാരായത്തിലുമാണ് വിദ്യ പകർന്നു നല്കിയിരുന്നത്. മുമ്പ് വിജയദശമി നാളിൽ ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളുടെ നീണ്ട നിര ഇവിടെ ദൃശ്യമായിരുന്നു. ആശാൻ ആദ്യക്ഷരം കുറിച്ചവരിൽ സർക്കാർ ഉദ്യോഗങ്ങളിൽ നിന്ന് വിരമിച്ചവരും സർവീസിൽ തുടരുന്നവരും വിദേശ രാജ്യങ്ങളിൽ ജോലി ലഭിച്ചവരും രാഷ്ട്രീയ നേതാക്കളും നിരവധിയാണ്. ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ വിശേഷ ദിവസങ്ങളിലെല്ലാം പൂർവ വിദ്യാർത്ഥികൾ ആശാനെ കാണാൻ സമ്മാനങ്ങളുമായെത്താറുണ്ട്. ഇവരിൽ പലരും തങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും ആശാനെക്കൊണ്ട് തന്നെ ആദ്യക്ഷരം കുറിപ്പിക്കാനും എത്തുന്നു.

നിർബന്ധത്തിന് വഴങ്ങി പ്രായാധിക്യം മറന്ന് ഇപ്പോഴും അദ്ദേഹം കുട്ടികളെ എഴുത്തിനിരുത്തുന്നുമുണ്ട്.

ഒരു രോഗത്തിനും ഇന്നുവരെ ഇംഗ്ലീഷ് മരുന്നുകൾ കഴിച്ചിട്ടില്ലെന്ന പ്രത്യേകതയും ആശാനുണ്ട്. ആരോഗ്യ രഹസ്യം എന്തെന്ന് ചോദിച്ചാൽ ചിട്ടയായ ദിനചര്യയും പഴയ കാലത്തെ കലർപ്പില്ലാത്ത ഭക്ഷണങ്ങളുമാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്നത്തെ തലമുറയ്ക്ക് ആശാനും ആശാട്ടിയും കുടിപ്പള്ളിക്കുടവും അന്യമാണെങ്കിലും ആശാൻ എന്ന വിളിപ്പേരുമായി നാട്ടുകാരുടെ അഭിമാനമാവുകയാണ് ഈ മുത്തച്ഛൻ. സ്വന്തം ഭൂമിയിലും പാട്ടഭൂമിയിലും നെല്ല്, വാഴ, വെറ്റില തുടങ്ങി പലവിധ കൃഷിയിൽ വ്യാപൃതനായിരുന്ന ആശാന് നിലമുഴുവുന്നതിന് സ്വന്തമായി കാളകളും കലപ്പയുമുണ്ടായിരുന്നു. വെളുപ്പിനെ അഞ്ച് മണിക്ക് ഉണർന്ന് പ്രഭാതകൃത്യങ്ങൾക്ക് ശേഷം ദേവീ സ്തുതികൾ ആലപിക്കുന്ന ആശാന്റെ ശീലം ഇന്നും തുടരുന്നു.

കുടുംബം

ഭാര്യ പാറുകുട്ടിഅമ്മ 20 വർഷം മുൻപ് 89-ാം വയസിൽ മരണപെട്ടു. അഞ്ച് മക്കളിൽ മൂത്ത മകനും മരണപെട്ടു. രണ്ടാമത്തെ മകൻ രാമചന്ദ്രന് ഇപ്പോൾ 87 വയസുണ്ട്. മൂന്നാമത്തെ മകൾ 74 വയസുകാരിയായ ശാന്തമ്മയ്ക്കൊപ്പം കുടുംബവീട്ടിലാണ് ആശാന്റെ താമസം. ശാരദ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് മക്കൾ.