കൊല്ലം: വേഗത്തിൽ നീതി ലഭ്യമാക്കാൻ നീതിന്യായ വ്യവസ്ഥയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും അതിനാൽ മധ്യസ്ഥതയും അനുരഞ്ജനവും വഴി വേഗത്തിൽ കേസുകൾ തീർപ്പാക്കാമെന്നും ഹൈക്കോടതി ജസ്റ്റിസ് എ.എം. ഷെഫീഖ് പറഞ്ഞു. കേരളാ സ്‌റ്റേറ്റ് മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സെന്റർ സംഘടിപ്പിച്ച ജില്ലാതല ഏകദിന അവബോധന ക്യാമ്പ് ഹോട്ടൽ നാണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടതി എ.ഡി.ആർ സെന്റർ ഡയറക്ടർ ജോണി സെബാസ്റ്റ്യൻ ആമുഖപ്രസംഗം നടത്തി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്. ശ്രീരാജ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സുബിതാ ചിറക്കൽ, കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് ധീരജ് രവി, മീഡിയേഷൻ കോ ഓർഡിനേറ്റർ ഫ്രാൻസിസ് നെറ്റോ എന്നിവർ സംസാരിച്ചു.
ജോർജ് മർലോ പള്ളത്ത്, ജി. ജയശങ്കർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നാല് സെഷനുകളിലായി നടന്ന ക്യാമ്പിൽ അഭിഭാഷക, വ്യാപാര, വ്യവസായ, ബാങ്കിംഗ് മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.