ശരീരത്തിലെ പരിക്കുകൾ മരണകാരണം മർദ്ദനമാണെന്ന സംശയം ഉയർത്തി
മരണകാരണം ന്യുമോണിയയും മെനിഞ്ചൈറ്റിസുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊല്ലം: പനിയെ തുടർന്ന് അവശനിലയിൽ ആശുപത്രിയിലെത്തിച്ച നാലുവയസുകാരി മരിച്ചു. ചാത്തന്നൂർ ചിറക്കര ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വർക്കല ചാവടിമുക്ക് ഒലിപ്പുവിള വീട്ടിൽ ദീപു-രമ്യ ദമ്പതികളുടെ മകൾ ദിയ ആണ് മരിച്ചത്. ദിയയ്ക്ക് തീവ്രമായ പനി ഉണ്ടായിരുന്നെങ്കിലും ശരീരത്തിൽ അടിയേറ്റ പാടുകൾ കണ്ടെത്തിയതോടെ മരണകാരണം മർദ്ദമേറ്റതാണെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ന്യുമോണിയയും മെനിഞ്ചൈറ്റിസുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.
ഇന്നലെ രാവിലെ 7.30 ഓടെയാണ് കുട്ടിയെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ദിയ 9 മണിയോടെ രക്തം ഛർദ്ദിച്ചു. ഇതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴക്കൂട്ടം എത്തിയപ്പോഴേക്കും ഹൃദയമിടിപ്പ് നിലച്ചു. ഉടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ദിയയ്ക്ക് പനി ആയിരുന്നെന്നാണ് ദീപുവും രമ്യയും പൊലീസിനോട് പറഞ്ഞത്. വർക്കല നടയറയിലെ ആശുപത്രിയിൽ നിന്നാണ് മരുന്ന് വാങ്ങിയിരുന്നത്. ഇന്നലെ രാവിലെ കുട്ടി ഭക്ഷണം കഴിക്കാത്തതിനാൽ താൻ മർദ്ദിച്ചുവെന്ന് രമ്യ തന്നെ പൊലീസിനോട് വെളിപ്പെടുത്തി. ദിയയുടെ കാൽമുട്ടിലും തുടയിലും കൈയിലും അടിയേറ്റ ഭാഗം നീലിച്ച് കിടപ്പുണ്ടായിരുന്നു. മെനിഞ്ചൈറ്റിസ് ബാധിച്ചാൽ ശരീരത്ത് ചെറിയ ക്ഷതം സംഭവിച്ചാലും അവിടെ പെട്ടെന്ന് രക്തം കട്ടപിടിക്കും. അതുകൊണ്ടാകാം അടിയേറ്റ ഭാഗം നീലിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഡോക്ടർമാർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാല് ഡോക്ടർമാരടങ്ങുന്ന സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
രമ്യയും ദീപുവും പാരിപ്പള്ളി പൊലീസിന്റെ കസ്റ്റഡിയിലാണ്. ദിയയെ മർദ്ദിച്ചതിന് രമ്യക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുമെന്ന് പാരിപ്പള്ളി സി.ഐ പറഞ്ഞു. ചിറക്കര ഗവ. എച്ച്.എസിനോട് ചേർന്നുള്ള പ്ലേ സ്കൂളിലെ വിദ്യാർത്ഥിയാണ് ദിയ. ദീപുവും രമ്യയും പ്രണയ വിവാഹിതരാണ്. ഒരു വർഷം മുമ്പാണ് ചിറക്കരയിൽ വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയത്. വെൽഡിംഗ് തൊഴിലാളിയാണ് ദീപു. രമ്യ സ്വകാര്യ ആശുപത്രിയിൽ നേരത്തേ നഴ്സായി ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോൾ ജോലിക്ക് പോകുന്നില്ല. രണ്ടര വയസുകാരി ദയ മറ്റൊരു മകളാണ്.