ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ പോത്ത്കുട്ടി പരിപാലന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. മാംസോത്പാദനത്തിൽ ഗ്രാമ പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
അയ്യായിരം രൂപ ഗുണഭോക്തൃ വിഹിതവും ഒരു വർഷത്തെ ഇൻഷ്വറൻസും അടച്ച കർഷകർക്ക് മികച്ച ഇനം പോത്ത്കുട്ടികളെ ചടങ്ങിൽ വിതരണം ചെയ്തു. ആദിച്ചനല്ലൂർ മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് ജേക്കബ്, ഗ്രാമപഞ്ചായത് അംഗങ്ങളായ മധുസൂദനൻ, ഷീജ, നാസർ, വെറ്ററിനറി സർജൻ ഡോ. അനസ് ബഷീർ എന്നിവർ സംസാരിച്ചു.
ഗുണഭോക്തൃ വിഹിതം ഇതുവരെയും അടച്ചിട്ടില്ലാത്ത കർഷകർ മൃഗാശുപത്രിയുമായി ബന്ധപെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തിലെ 4, 5, 6, 7, 8, 9 വാർഡുകളിൽ മുട്ടക്കോഴി വിതരണത്തിനായി ഗുണഭോക്തൃ വിഹിതം അടച്ചവർക്കുള്ള കോഴി വിതരണം ആദിച്ചനല്ലൂർ മൃഗാശുപത്രി, കുമ്മല്ലൂർ ജംഗ്ഷൻ എന്നിവിടങ്ങളിലായി 10ന് രാവിലെ 8.30ന് നടക്കും.