cr
കല്ലുവാതുക്കൽ മാർക്കറ്റിലെ പൊതുകിണറിന് ചുറ്റുമുള്ള മാലിന്യനിക്ഷേപം

മാലിന്യം നീക്കം ചെയ്യുന്നത് ആഴ്ച്ചയിൽ ഒന്നാ രണ്ടോ പ്രാവശ്യം മാത്രം

കല്ലുവാതുക്കൽ: ദേശീയ പാതയോട് ചേർന്ന് കിടക്കുന്ന കല്ലുവാതുക്കൽ പൊതു മാർക്കറ്റ് ചീഞ്ഞുനാറുന്നു. ഇവിടെ ആഴ്ച്ചയിൽ ഒന്നാ രണ്ടോ പ്രാവശ്യം മാത്രമാണ് മാലിന്യം നീക്കം ചെയ്യുന്നത്. ദുർഗന്ധം മൂലം കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ഇതുവഴി നടക്കാനാകാത്ത അവസ്ഥയാണ്. വൃത്തിയില്ലാത്തത് മൂലം ഈച്ച, കൊതുക് എന്നിവയുടെ ഉറവിടമാണ് ഈ മാർക്കറ്റെന്ന് നാട്ടുകാർ പറയുന്നു. മത്സ്യവില്പന സ്റ്റാളിൽ നിന്ന് വരുന്ന മലിനജലം ശേഖരിക്കുന്നതിനായി നിർമ്മിച്ച ടാങ്ക് വൃത്തിയാക്കിയിട്ട് ഏതാണ്ട് 6 വർഷത്തോളമായി. പലപ്പോഴും ഇതിൽ നിന്ന് പുഴുക്കൾ സ്റ്റാളിലേക്ക് കയറുന്നുണ്ടെന്നാണ് മാർക്കറ്റിലെത്തുന്നവ‌രുടെ പരാതി.

മാർക്കറ്റും പരിസര പ്രദേശങ്ങളും വൃത്തിയാക്കാത്തത് പഞ്ചായത്തിന്റെ അനാസ്ഥയാണ്. മാർക്കറ്റിനുള്ളിൽ ടോയിലറ്റുകൾ നിർമ്മിക്കണം. അടിയന്തരമായി മാർക്കറ്റും പൊതുകിണറും വൃത്തിയാക്കണം.

വ്യാപാരികൾ

മത്സ്യ സ്റ്റാളിലെ മലിനജലം ശേഖരിക്കുന്ന ടാങ്കിന്റെ അവസ്ഥ പരിതാപകരമാണ്. എത്രയും പെട്ടെന്ന് ടാങ്ക് വൃത്തിയാക്കി പുഴുക്കളുടെ ശല്യം പരിഹരിക്കണം.

ചന്ദ്രൻ, മത്സ്യ വ്യാപാരി

മാർക്കറ്റിനുള്ളിൽ ലൈറ്റില്ല

മാർക്കറ്റിനുള്ളിൽ ലൈറ്റില്ലാത്തതിനാൽ രാത്രിയിൽ സാമൂഹ്യ വിരുദ്ധർ ഇവിടെ തമ്പടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മാർക്കറ്റിനുള്ളിലെ കടകൾ അടച്ചു കഴിഞ്ഞാൽ ഈ പ്രദേശമാകെ കൂരിരുട്ടിലാണ്. ഈ സമയം ഇവിടെ സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമാണെന്നും എത്രയും വേഗം മാർക്കറ്റിൽ ലൈറ്റ് സ്ഥാപിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

കിണർ നശിക്കുന്നു

ജലക്ഷാമം രൂക്ഷമായ പഞ്ചായത്താണ് കല്ലുവാതുക്കൽ. മാർക്കറ്റിനുള്ളിൽ ഒരു കിണറുണ്ട്. ഈ കിണർ വറ്റാതിരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാട്ടർ റീ ചാർജ്ജിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കിണറിന്റെ ചുറ്റുപാടും മാലിന്യം കൂട്ടിയിടുന്നതിനാൽ കിണറ്റിലെ ജലം ഉപയോഗശൂന്യമായിരിക്കുകയാണ്. ഈ ജലം ഉപയോഗിച്ചാൽ പകർച്ചവ്യാധികൾ പടരുമെന്ന് വ്യാപാരികൾ പറയുന്നു.