കുന്നത്തൂർ: ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ ആശ്രയമായിരുന്ന ശൂരനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിച്ചികിത്സ നിലച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഐ.പി പ്രവർത്തനം അവസാനിപ്പിച്ചെന്നറിയിച്ച് ആശുപത്രി അധികൃതർ കിടപ്പ് രോഗികളെ നിർബന്ധിച്ച് വീടുകളിലേക്ക് പറഞ്ഞയച്ചത്. രോഗം പൂർണമായും ഭേദമാകാതെയും എല്ലാ മരുന്നുകളും ലഭിക്കാതെയുമാണ് രോഗികളിൽ പലരും വീടുകളിലേക്ക് മടങ്ങിയത്. വരാന്തകളിലും ആശുപത്രി പരിസരത്തും തെരുവ് നായ്ക്കളുടെ ശല്യവും വ്യാപകമാണ്.രാത്രികാലങ്ങളിലടക്കം രോഗബാധിതർ ചികിത്സയ്ക്കായി കിലോമീറ്ററുകൾ സഞ്ചരിച്ച് ശാസ്താംകോട്ടയിലോ താമരക്കുളത്തോ പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവമാണ് ഐ.പിയുടെ പ്രവർത്തനം നിലയ്ക്കാൻ കാരണം. ഒ.പി, ഐ.പി വിഭാഗങ്ങളിലായി 6 ഡോക്ടർമാർ വേണ്ടിടത്ത് രണ്ട് ഡോക്ടർമാർ മാത്രമാണ് ഡ്യൂട്ടിക്കെത്തുന്നത്. ഒ.പി അവസാനിക്കുമ്പോൾ ഇവർ സ്ഥലം കാലിയാക്കുകയാണ് പതിവ്. നാല് ഡോക്ടർമാരെ നിയമിച്ചതായി അധികൃതർ പറയുന്നുണ്ടെങ്കിലും ആശുപത്രി ഒഴിഞ്ഞുകിടക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ വിവരം അറിയിച്ചെങ്കിലും അവർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്.
ഒറ്റപ്പെട്ട പ്രദേശമായ ശൂരനാട് വടക്ക് പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തോട് എം.എൽ.എ അടക്കമുള്ളവർ കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. ഡോക്ടർമാരെയും സ്റ്റാഫ് നഴ്സ് അടക്കമുള്ള ജീവനക്കാരെയും അടിയന്തരമായി നിയമിച്ച് ഐ.പി പ്രവർത്തനം അടക്കമുള്ളവ പുനരാരംഭിക്കണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകും.
എച്ച്. അബ്ദുൽ ഖലീൽ, ശൂരനാട് വടക്ക് മണ്ഡലം പ്രസിഡന്റ്
സ്റ്റാഫ് നഴ്സുമാരുടെ അഭാവം
സ്റ്റാഫ് നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും അഭാവവും ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എൻ.ആർ.എച്ച്.എം പ്രകാരം എത്തിയ ഒരു നഴ്സാണ് നൂറുകണക്കിന് രോഗികൾക്ക് ആശ്രയം. അടുത്തിടെ അമിത ജോലിഭാരം മൂലം എൻ.ആർ.എച്ച്.എം നഴ്സ് കുഴഞ്ഞു വീണത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിലവിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ആശുപത്രിയിലുള്ളത്.