 
പരവൂർ : ശക്തമായ മഴയിൽ പരവൂർ ഗവ. ആയുർവേദ ആശുപത്രി കോമ്പൗണ്ട് വെള്ളക്കെട്ടാകുന്നത് രോഗികളെ വലയ്ക്കുന്നു. ആശുപത്രിയുടെ തെക്കുഭാഗത്തായി ഗവ എൽ.പി സ്‌കൂളും വടക്കുഭാഗത്തായി മജിസ്ട്രേട്ട് കോടതിയും സ്ഥിതി ചെയ്യുന്നുണ്ട്. മഴ സമയത്ത് ആശുപത്രി കോമ്പൗണ്ടിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴികിപ്പോകാൻ യാതൊരു മാർഗവുമില്ലാത്തതാണ് നിലവിലെ പ്രശ്‌നത്തിന് കാരണം. പരാതിയെ തുടർന്ന് നഗരസഭാ അധികൃതരെത്തി ഓടവെട്ടി വെള്ളം കോടതി കോമ്പൗണ്ടിലേക്ക് ഒഴുക്കിവിട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇത് ശാശ്വതമായ പരിഹാരമല്ല. അശാസ്ത്രീയ ഇന്റർലോക്ക് സംവിധാനമാണ് ആശുപത്രി കോമ്പൗണ്ടിൽ വെള്ളം കെട്ടിനിൽക്കാൻ കാരണം. ആശുപത്രിയിലേക്ക് ബൈക്കിൽ വരുന്ന രോഗികൾ വെള്ളം നിറഞ്ഞ ഓടയിൽ വീണ് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. ചികിത്സ തേടി ആശുപത്രിയിലെത്തുന്നതിൽ കൂടുതലും പ്രായാധിക്യമുള്ള രോഗികളാണ്. നിരവധി തവണ പരാതി നിൽകിയിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്.