പുനലൂർ: പുനലൂർ ടൗണിലേയും പരിസര പ്രദേശങ്ങളിലേയും ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പുനലൂർ നഗരസഭയും കേരളകൗമുദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാഫിക് ബോധവൽകരണ സെമിനാർ നാളെ ഉച്ചയ്ക്ക് 2ന് നഗരസഭാ ഹാളിൽ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
വൈസ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭ പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും.
പുനലൂർ എസ്.ഐ ജെ. രാജീവ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. അജി, അസി.അൻസ്പെക്ടർ രാംജി കെ. കരൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
പുനലൂർ പട്ടണത്തിൽ പ്രവേശിക്കാതെ അഞ്ചൽ, തെന്മല ഭാഗങ്ങളിലേക്ക് പോകേണ്ട ചെറിയ വാഹനങ്ങളെ സമാന്തരപാതകൾ വഴി തിരിച്ചുവിട്ടാൽ ടൗണിലെ ഗതാഗതക്കുരുക്കിനും അനധികൃത വാഹന പാർക്കിംഗിനും ഒരു പരിധിവരെ പരിഹാരം കാണാം. കൊട്ടാരക്കര ഭാഗത്തുനിന്ന് എത്തുന്ന ചെറുവാഹനങ്ങളെ ചെമ്മന്തൂരിൽ നിന്ന് ആരംഭിക്കുന്ന എം.എൽ.എ റോഡ് വഴിയും കൊട്ടാരക്കരയിലേക്ക് തിരിച്ചും കടത്തിവിടണം. കൂടാതെ തെന്മല, പത്തനാപുരം ഭാഗങ്ങളിൽ നിന്ന് പടിഞ്ഞാറോട്ട് പോകേണ്ട വാഹനങ്ങളെ തൂക്കുപാലത്തിന് സമീപത്തെ ശിവൻകോവിൽ, ഭരണിക്കാവ്, മാർക്കറ്റ് റോഡുകൾ വഴി തിരിച്ചുവിടണം. ഇതിനായി ഹോം ഗാർഡുകളെ നിയമിക്കണം. ഇത്തരത്തിൽ മൂന്ന് മാസത്തിനകം പട്ടണത്തിലെ ഗതാഗതക്കുരുക്കും അനധികൃത വാഹന പാർക്കിംഗും പരിഹരിക്കാൻ കഴിയും. ഓണം അടക്കമുള്ള വിശേഷ ദിവസങ്ങളിൽ മാത്രം ടൗണിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാ ദിവസങ്ങളിലും തുടർന്നാൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിയും.
( കെ. പ്രഭ കൗൺസിലർ, മുൻ വൈസ് ചെയർപേഴ്സൺ, പുനലൂർ നഗരസഭ)
പുനലൂർ ടൗണിലെ അനധികൃത വാഹന പാർക്കിംഗ് അടക്കമുള്ളവ നിയന്ത്രിക്കാൻ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെയും, ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ട്രാഫിക് പരിഷ്കരണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എന്നാൽ കമ്മിറ്റി തീരുമാനങ്ങൾ ഫലപ്രഥമായി നടപ്പാക്കാൻ കഴിയുന്നില്ല. ഇതാണ് പട്ടണത്തിൽ വർദ്ധിച്ച് വരുന്ന അനധികൃത വാഹന പാർക്കിംഗിനും ഗതാഗതക്കുരുക്കിനും മുഖ്യകാരണം. കാൽനട യാത്രികർ ഭയന്നാണ് ടൗണിലൂടെ സഞ്ചരിക്കുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്കായി ബോധവൽക്കരണമാണ് ആവശ്യം. നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്നതും കാൽ നടയാത്രികർക്ക് ബുദ്ധിമുട്ടായി മാറുകയാണ്.
അഡ്വ. സുരേന്ദ്രനാഥ തിലകൻ, ടൗൺ വാർഡ് കൗൺസിലർ
ദേശീയപാത കടന്നുപോകുന്ന പുനലൂർ ടൗണിലെ പാതയോരങ്ങൾക്ക് തലവേദനയാകുന്നത് അനധികൃത പാർക്കിംഗാണ്. ഈ വിഷയത്തിൽ ബോധവൽക്കരണമാണ് ശരിയായി പരിഹാരം. ഇതിന് അവസരം ഒരുക്കിയ കേരളകൗമുദിയെ അനുമോദിക്കുന്നു. ഇതോടെപ്പം പുനലൂർ ടി.ബി ജംഗ്ഷൻ അടക്കമുള്ള പ്രദേശങ്ങളിലെ റോഡിന്റെ തകർച്ചകൂടി പരിഹരിക്കാൻ ബന്ധപ്പെട്ടവർ ഉടപെടണം
ഡോ.കെ.ടി. തോമസ്. മാനേജിംഗ് ഡയറക്ടർ,
സെന്റ് തോമസ് ഹോസ്പിറ്റൽ പുനലൂർ