photo
ചങ്ങൻകുളങ്ങര ചതുഷഷ്ഠി യോഗിനി സമേത മഹാകാളി ധർമ്മദൈവ ക്ഷേത്രം പുലിത്തിട്ടിയിൽ ക്ഷേത്രം തന്ത്രി വിഷ്ണുനമ്പൂതിരി കുഞ്ഞുങ്ങളുടെ നാവിൻതുമ്പിൽ ആദ്യാക്ഷരം കുറിക്കുന്നു.

കരുനാഗപ്പള്ളി: വിവിധ ചടങ്ങുകളോടെ നാടെങ്ങും വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചു. അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കുന്നതിനായി നൂറുകണക്കിന് കുരുന്നുകളാണ് വിവിധ ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും നടന്ന എഴുത്തിനിരുത്ത് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. എല്ലായിടത്തും സരസ്വതി പൂജയോടെയാണ് വിദ്യാരംഭത്തിന് തുടക്കമായത്.

അമൃതപുരിയിലെ കാളി ക്ഷേത്രത്തിൽ ഗണപതി പൂജയോടെയാണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചത്. മാതാ അമൃതാനന്ദമയി ദേവി നേരിട്ടെത്തി ചടങ്ങുകൾക്ക് നേതൃത്വം നൽകി. അമ്മ രാവിലെ ഭജന ഹാളിൽ എത്തിയതോടെ ഭക്തർ ധ്യാനനിരതരായി. തുടർന്ന് മുതിർന്നവരെ അമ്മ അക്ഷരം എഴുതിച്ചു. രക്ഷകർത്താക്കൾക്കൊപ്പം എത്തിയ കുരുന്നുകൾക്കും അമ്മ ആദ്യക്ഷരം കുറിച്ചു. 100 ഓളം കുഞ്ഞുങ്ങൾ ആദ്യക്ഷരം കുറിക്കുന്നതിനായി അമൃതപുരിയിൽ എത്തിരുന്നു. തുടർന്ന് 108 ബ്രഹ്മചാരികളും ബ്രഹ്മചാരിണികളും അമ്മയുടെ മുന്നിൽ തബല വായിച്ച് അനുഗ്രഹം തേടി. വിദ്യാരംഭത്തിൽ പങ്കെടുക്കാനെത്തിയ എല്ലാവർക്കും അമ്മ പ്രസാദം നൽകി അനുഗ്രഹിച്ചു.

ചങ്ങൻകുളങ്ങര ചതുഷഷ്ടി യോഗിനി സമേത മഹാകാളി ധർമ്മദൈവ ക്ഷേത്രം പുലിത്തിട്ടയിൽ നവരാത്രി സംഗീതോത്സവത്തിന്റെ സമാപനം കുറിച്ച് കൊണ്ട് സംഘടിപ്പിച്ച വിദ്യാരംഭത്തിന് ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്ര സന്നിധിയിൽ എത്തിയ കുഞ്ഞുങ്ങളുടെ നാവിൻതുമ്പിൽ വിഷ്ണുനമ്പൂതിരി വിദ്യയുടെ ആദ്യാക്ഷരം കുറിച്ചു. നവരാത്രി സമാപന സമ്മേളനം ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ സംഘടിപ്പിച്ച വിദ്യാരംഭത്തിന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ഇൻ ചാർജ്ജ് കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ. എ. ശ്രീധരൻപിള്ള, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, ട്രഷറർ വിമൽ ഡാനി എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ആൽത്തറയിലാണ് വിദ്യാരംഭത്തിനുള്ള വേദി ഒരുക്കിയത്. റിട്ട. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജ് മോഹനചന്ദ്രൻ, പ്രൊഫ. പി. പത്മകുമാർ, ഡോ. ജയകുമാരി എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.

പടനായർകുളങ്ങര തെക്ക് തോണ്ടലിൽ ശ്രീദേവീ നാഗരാജാ ക്ഷേത്രത്തിലും വിദ്യാരംഭം സംഘടിപ്പിച്ചു. ഡോ.വള്ളിക്കാവ് മോഹൻദാസ് കുട്ടികൾക്ക് ആദ്യക്ഷരം പകർന്ന് നൽകി. എസ്.എൻ.ഡി.പി യോഗം തൊടിയൂർ 424-ാം നമ്പർ ശാഖയിൽ സംഘടിപ്പിച്ച വിദ്യാരംഭത്തിന് പ്രൊഫ.കെ. രാജൻ നേതൃത്വം നൽകി. പടനായർകുളങ്ങര മഹാദേവർ ക്ഷേത്രം, പണ്ടാരതുരുത്ത് മൂക്കുംപുഴ ദേവീക്ഷേത്രം, വെള്ളനാതുരുത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചെറിയഴീക്കൽ കാശിവിശ്വനാഥ ക്ഷേത്രം, പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ എല്ലാ ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു.