ഓച്ചിറ: പരബ്രഹ്മ സന്നിധിയിലെ പടനിലത്തേക്ക് കാഴ്‌ചയുടെ സമാനതകളില്ലാത്ത ഉത്സവമായി
പതിനായിരങ്ങളുടെ ആഹ്ലാദാരവങ്ങൾക്കൊപ്പം നൂറു കണക്കിന് കൂറ്റൻ കെട്ടുകാളകൾ ഒഴുകിയെത്തി. ഉച്ചവെയിൽ ചാഞ്ഞ് തുടങ്ങിയതോടെ ഓണാട്ടുകരയുടെ കൈവഴികളെല്ലാം ഓച്ചിറയിലേക്ക് നിറഞ്ഞൊഴുകി തുടങ്ങി. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന 52 കരകളിൽ നിന്നും ചെറുതും വലുതുമായ 200 ലേറെ കെട്ടുകാളകളാണ് നാടിന്റെ ഹൃദയവഴികളിലൂടെ പടനിലത്തെത്തിയത്. കൂറ്റൻ കെട്ടുകാളകൾ ആചാരപരമായ പൂജകൾക്ക് ശേഷം രാവിലെ തന്നെ പടനിലത്തേക്കുള്ള ആഘോഷയാത്ര തുടങ്ങിയിരുന്നു. വഴികളിലെല്ലാം കൊട്ടും മേളവും വായ്‌ത്താരികളും ജൈവതാളങ്ങളും നിറഞ്ഞു. ഓരോ ചെറുഗ്രാമവും തങ്ങളുടെ കെട്ടുകാളകൾക്കൊപ്പം പരബ്രഹ്മ സന്നിധിയിലേക്ക് തിരിച്ചു. കെട്ടുകാഴ്‌ചകൾ കടന്നു പോകുന്ന വഴിയോരങ്ങളിൽ കാളകളെ വരവേൽക്കാനും നൂറു കണക്കിന് ആളുകൾ കാത്ത് നിന്നു. സ്ത്രീ പുരുഷ ഭേദമെന്യേ കാർഷികാഘോഷത്തിന്റെ ഉത്സവ മേളത്തിൽ ജനം ഒന്നാകെ ഇഴുകി ചേർന്നു. ഞക്കനാൽ പടിഞ്ഞാറ് കരയുടെ കെട്ടുകാള വിശ്വപ്രജാപതി കാലഭൈരവനാണ് തലപ്പൊക്കത്തിൽ ഇത്തവണ ഒന്നാമനായത്. 65 അടി ഉയരമുള്ള കാളയുടെ ശിരസിന് 17 അടി പൊക്കമുണ്ട്. വീര പാണ്ഡവ ശൈലിയിൽ നിർമ്മിച്ച കാലഭൈരവനൊപ്പം നാടൊന്നാകെ ഒത്തു ചേർന്നു.
കൃഷ്‌ണപുരം മാമ്പ്രക്കുന്നേൽ യുവജന സമിതിയുടെ ഓണാട്ടുകതിരവനും ജനകീയ ആഘോഷത്തോടെയാണ് പടനിലത്ത് പ്രവേശിച്ചത്. 57 അടി ഉയരമുള്ള ഓണാട്ടുകതിരവന്റെ ശിരസിന് 14.5 അടി പൊക്കമുണ്ട്. ക്രെയിനുകൾ ഉപയോഗിച്ച് കെട്ടി വലിച്ചാണ് കൂറ്റൻ കാളകളെ കൊണ്ടുവന്നത്. കൃഷ്‌ണപുരം കരയുടെ മാമ്പ്രഖന്ന എന്ന കാളയാണ് പടനിലത്ത് ആദ്യം പ്രവേശിച്ചത്. പിന്നാലെ ചെറുതും വലുതുമായ കാളകൾ പടനിലത്ത് കയറി തങ്ങൾക്ക് നിശ്ചയിച്ച് നൽകിയ സ്ഥലത്തെത്തി. കെട്ടുകാളകളെ
ഓച്ചിറ ക്ഷേത്ര ഭരണസമിതി സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ.എ.ശ്രീധരൻപിള്ള, വൈസ് പ്രസിഡന്റ് ആർ.ഡി.പത്മകുമാർ, ട്രഷറർ ബിമൽ ഡാനി എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ജനങ്ങളും ചേർന്നാണ് വരവേറ്റത്. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞുള്ള ഒരു മാസക്കാലം ഓണാട്ടുകരയ്ക്ക് ഓച്ചിറയിലെ കാളകെട്ടുത്സവത്തിനായുള്ള കാത്തിരിപ്പിന്റെയും വ്രതാനുഷ്ഠാനങ്ങളുടെയും നാളുകളാണ്. തുലാമസത്തിലെ കൃഷിയിറക്കുന്നതിന് മുമ്പായി പരബ്രഹ്മ സന്നിധിയിൽ ഓണാട്ടുകരയിലെ കാർഷിക ജനത സമർപ്പിക്കുന്ന നിവേദ്യമാണ് കെട്ടുകാളകൾ. തെക്കൻകേരളത്തിലെ ഉത്സവ മേളങ്ങൾക്ക് പരബ്രഹ്മ സന്നിധിയിലെ 28-ാം ഓണാഘോഷ ഉത്സവത്തോടെ ഇന്നലെ തുടക്കമായി.
ഉത്സവ കാഴ്‌ചകൾ കാണാൻ തിരക്ക് തുടരും
മാനം മുട്ടുന്ന കൂറ്റൻ കെട്ടുകാളകളെ കാണാൻ ദിവസങ്ങളോളം പടനിലത്ത് ഉത്സവ പ്രേമികളെത്തും. കാളകളുടെ വൈയ്ക്കോൽ ഉൾപ്പെടെ പടനിലത്ത് വച്ച് അഴിച്ചു മാറ്റി കൊണ്ടുപോകുന്നതാണ് പതിവ്. അടുത്ത തവണ വീണ്ടും പുതുതായി കെട്ടിയുണ്ടാക്കുകയാണ് കൂറ്റൻ ഉരുക്കളെ. ഇന്നലെ പടനിലത്തെത്തിയ അത്രയും ജനങ്ങൾ ഇന്നും കാഴ്‌ചയുടെ ഉത്സവം കാണാൻ ഇവിടെയെത്തും. ദിവസങ്ങളോളം പടനിലത്തെ ഈ ആനന്ദ കാഴ്‌ചകൾ തുടരും.