health

പല്ലിന്റെ മാഹാത്മ്യം അറിയണമെങ്കിൽ അതിന്റെ ധർമ്മങ്ങൾ കൂടി അറിയണം. പല്ലുകൾ എല്ലാ ജീവികളിലും പ്രതിരോധത്തിനും ഇര പിടിക്കുന്നതിനും ദഹനപ്രക്രിയയ്ക്കും മുഖ്യോപാധിയാണ്. ഒപ്പം രൂപഭംഗി കാത്തുസൂക്ഷിക്കുന്നതിനും പല്ലുകൾ അനിവാര്യമാണ്. ഭ്രൂണാവസ്ഥയിൽ തന്നെ പല്ലുകൾ ആവിർഭവിച്ച് തുടങ്ങും. മനുഷ്യനിൽ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ദന്തവ്യവസ്ഥ പൂർണതയിലെത്തുന്നത്. ആഹാരം ചവച്ചരയ്ക്കുന്നതിനും സംസാരിക്കാനും രൂപഭംഗിക്കും പാൽപ്പല്ലുകൾ അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഇവയുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ, ശുചിത്വമില്ലായ്മയും അലസതയും അശ്രദ്ധയും മൂലം പല്ലുകൾക്ക് കേടുപാടുകൾ ഉണ്ടാകാറുണ്ട്. കുട്ടികളുടെ പല്ലുകളല്ലേ, അത് കൊഴിഞ്ഞ് പോകില്ലേ? എന്നാണ് മിക്ക മാതാപിതാക്കളുടെയും മനോഭാവം.

പാൽപ്പല്ലുകളിൽ ശ്രദ്ധിക്കേണ്ടത്

കുഞ്ഞ് ജനിച്ച് ആറുമാസം മുതലാണ് പാൽപല്ലുകൾ വന്നുതുടങ്ങുന്നത്. മൂന്ന് വയസിനുള്ളിൽ ഇരുപതോളം പാൽപല്ലുകളാണ് മുളയ്ക്കുന്നത്. ആദ്യ പല്ല് വന്ന് തുടങ്ങുമ്പോൾ തന്നെ പല്ല് വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. പാൽ കുടിച്ചശേഷം വൃത്തിയുള്ളതും അണുവിമുക്തവുമായ തുണിയോ പഞ്ഞിയോ കൊണ്ട് പല്ലും മോണകളും വൃത്തിയാക്കണം. ഒരുവയസാകുമ്പോൾ തന്നെ കുഞ്ഞുങ്ങളെ ബ്രഷ് ചെയ്യാൻ ശീലിപ്പിക്കണം. ഫിംഗർ ബ്രഷ് പോലെയുള്ള മൃദുലമായ ബ്രഷുകൾ വിപണിയിൽ ലഭ്യമാണ്. ഭക്ഷണശേഷം വായ വൃത്തിയായി കഴുകിപ്പിക്കണം. പല്ലുകളിൽ കറുത്ത പാടുകൾ വീഴുന്നതാണ് കേടുപാടുകളുടെ പ്രാരംഭ ലക്ഷണം. ഇത് ശ്രദ്ധയിൽപ്പെട്ടാലുടൻ ദന്തഡോക്ടറുടെ സേവനം തേടണം. ആറുമാസം കൂടുമ്പോൾ കുഞ്ഞുങ്ങളിൽ ദന്ത പരിശോധന നിർബന്ധമായും നടത്തണം.

രണ്ടാം ഘട്ടത്തിൽ പാൽ പല്ലുകളും സ്ഥിരം പല്ലുകളും ഒരേസമയം നിലനിൽക്കുന്നുണ്ടായിരിക്കും. ഇതിനെ മിക്സഡ് ഡെൻറ്റീഷൻ എന്ന് പറയും. ആറ് മുതൽ 13 വയസ് വരെയാണ് മിക്സഡ് ഡെൻറ്റീഷൻ ഘട്ടം. മാതാപിതാക്കൾക്ക് പാൽ പല്ലുകളും സ്ഥിരമായ പല്ലുകളും തമ്മിൽ വേർതിരിച്ചറിയാൻ ഈ ഘട്ടത്തിൽ സാധിക്കുകയില്ല. ആറ് വയസിലാണ് ആദ്യത്തെ പ്രധാനപ്പെട്ട നാല് സ്ഥിരമായ അണപ്പല്ലുകൾ മുളയ്ക്കുന്നത്. ഇവ പാൽപ്പല്ലുകളായി തെറ്റിദ്ധരിക്കാറുണ്ട്. പാൽ പല്ലുകളെ പോലെ ഒരിക്കൽ ഇവ നഷ്ടപ്പെട്ടാൽ പകരം വീണ്ടും മുളച്ചുവരില്ലെന്ന് മാതാപിതാക്കൾ മനസിലാക്കേണ്ടതാണ്. ആറ് വയസ് മുതൽ മുളയ്ക്കുന്ന ഈ അണപ്പല്ലുകൾ ശ്രദ്ധയോടെ സംരക്ഷിക്കണം.

മൂന്നാം ഘട്ടത്തിൽ എല്ലാ സ്ഥിരംപല്ലുകളും 13 വയസോടെ മുളയ്ക്കുന്നതാണ്. മൊത്തം 26 പല്ലുകളാണ് വരുന്നത്. 18 വയസിന് ശേഷം മുളയ്ക്കുന്ന നാല് അണപ്പല്ലുകളെ വിസ്ഡം ടൂത്ത് എന്ന് പറയുന്നു. ഇവ ഉൾപ്പടെ മൊത്തം 32 പല്ലുകളാണ്. ഇവയുടെ സംരക്ഷണവും പരിചരണവും അത്യന്താപേക്ഷിതമാണ്. കാരണം ഇവ കൊഴിഞ്ഞുപോയാൽ പകരം പല്ലുകൾ മുളയ്ക്കില്ല. അതിനാൽ ദിവസം രണ്ടുനേരം ബ്രഷ് ചെയ്യാൻ ശ്രദ്ധിക്കണം.

ഡോ. ബിൻസി അഫ്സൽ

ജൂനിയർ റസിഡന്റ്

ചലഞ്ചർ ലേസർ സ്പെഷ്യാലിറ്റി

ഡെന്റൽ ക്ളിനിക്

കരുനാഗപ്പള്ളി

ഫോൺ: 8547346615.