kuzhi
കരുനാഗപ്പള്ളി -ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ റെയിൽവേ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിലെ കുഴിയിൽ നാട്ടുകാർ അപായസൂചന സ്ഥാപിച്ചിരിക്കുന്നു

തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളെറെയായി. കരുനാഗപ്പള്ളി മുതൽ കല്ലുകടവ് വരെയുള്ള ഭാഗങ്ങളിലാണ് അപകടകരമായ കുഴികൾ രൂപപ്പെട്ട് റോഡ് തകർന്നത്. രാത്രിയിൽ ഇരുചക്രവാഹനങ്ങളിലെത്തുന്നവർ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവ് സംഭവമാണ്. കരുനാഗപ്പള്ളി മാർക്കറ്റിന് കിഴക്ക് ഗുരുമന്ദിരത്തിന് സമീപം പുനർനിർമാണം നടത്തിയ കലുങ്കിന്റെ ഇരുവശവും മെറ്റിലിട്ടത് ഇളകി നിരന്നു കിടക്കുകയാണ്. ഇതിനു കിഴക്കുഭാഗത്ത് റോഡ് ക്രോസ് ചെയ്താണ് ചവറ കെ.എം. എം.എല്ലിലേക്കുള്ള റെയിൽവേ ലൈൻ കടന്നു പോകുന്നത്. ഈ ഭാഗവും തകർന്നു കിടക്കുകയാണ്. ടാർ നിരപ്പിൽ നിന്ന് ഒരടിയോളം താഴ്ന്ന് പാളം കാണാവുന്ന തരത്തിലാണ് ഇവിടെ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മാളിയേക്കൽ റെയിൽവേ ക്രോസിന് പടിഞ്ഞാറുഭാഗത്തും അപകടകരമായ നിലയിലുള്ള കുഴികളുണ്ട്. പൊതുമരാമത്ത് അധികൃതരുടെ ആസ്ഥാനത്തിന് തൊട്ടടുത്തുള്ള ഗതാഗതത്തിരക്കേറിയ റോഡിലെ അപകടക്കെണികൾ പോലും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.