കൊല്ലം: വഴിയാത്രക്കാരായ സ്ത്രീകളെ തോക്കിൻ മുനയിൽ നിറുത്തി മാല പൊട്ടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ഡൽഹി സ്വദേശി സത്യദേവിനെ (40) കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് കൊട്ടാരക്കര കോടതിയിൽ പൊലീസ് അപേക്ഷ നൽകും.ഡൽഹിയിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്നിന് കൊട്ടാരക്കര ഡിവൈ.എസ്.പി ഓഫീസിലെത്തിച്ച സത്യദേവിനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. രണ്ട് കൊലപാതകം ഉൾപ്പെടെ നൂറിനടുത്ത് കേസുകളിലെ പ്രതിയായ സത്യദേവിനെ എഴുകോൺ എസ്.ഐ ബാബു കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹി പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് അറസ്റ്റ് ചെയ്‌തത്. സത്യദേവിനാപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരെ പിടികൂടാൻ പൊലീസ് സംഘം ഡൽഹിയിൽ തങ്ങുകയാണ്. രണ്ടര ലക്ഷം രൂപ വില വരുന്ന തോക്ക്, മോഷണത്തിനായി കേരളത്തിലേക്ക് വന്ന സ്കോർപിയോ കാർ, ഒരു ലക്ഷം രൂപയുടെ കറൻസി എന്നിവ സത്യദേവിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
സെപ്റ്റംബർ 28ന് രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 12.30 വരെ കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുൻപിൽ, കർബല, പട്ടത്താനം എന്നിങ്ങനെ ആറിടങ്ങളിലാണ് മോഷണം നടത്തിയത്.
ഛത്തീസ്ഗഢ് രജിസ്ട്രേഷനുള്ള കാറിൽ കൊല്ലത്ത് എത്തിയ നാലംഗ സംഘം കുണ്ടറ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ചാണ് കവർച്ച തുടങ്ങിയത്. രണ്ട് പേർ ബൈക്കിൽ ചുറ്റി നടന്ന് മാല പൊട്ടിച്ചപ്പോൾ സത്യദേവും മറ്റൊരാളും കാറിൽ പിന്നാലെയുണ്ടായിരുന്നു. മാല പൊട്ടിച്ചവരെ പൊലീസ് പിന്തുടർന്നപ്പോൾ കൊല്ലം കടപ്പാക്കടയിൽ ബൈക്ക് ഉപേക്ഷിച്ചു. ഇവർ പിന്നാലെ എത്തിയ കാറിൽ കയറി ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയാണ് രക്ഷപ്പെട്ടത്.
6000 കിലോമീറ്റർ കാറിൽ യാത്ര,
മടക്ക യാത്രയിലും മോഷണം
കേരളത്തിലെ മോഷണം ലക്ഷ്യമിട്ട് സെപ്റ്റംബർ 24നാണ് സത്യദേവടക്കം നാല് പേർ ഡൽഹിയിൽ നിന്ന് കാറിൽ കേരളത്തിലേക്ക് തിരിച്ചത്. 27ന് വൈകിട്ട് കൊല്ലത്ത് എത്തി. മോഷണം നടത്താനാകുമെന്ന് അറിയിച്ച് സംഘത്തെ ഇവിടേക്ക് വിളിച്ച് വരുത്തിയത് സത്യദേവിന്റെ സുഹൃത്തായ യു.പി സ്വദേശിയാണ്. ഇയാളാണ് എവിടെയൊക്കെ മോഷണം നടത്തണമെന്നും എങ്ങനെ രക്ഷപ്പെടണമെന്നും സംഘത്തിന് നിർദേശം നൽകിയതെന്ന് കരുതുന്നു. 28ന് രാവിലെ കുണ്ടറ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് കവർന്ന് മോഷണം തുടങ്ങി. ഉച്ചയോടെ മോഷണം പൂർത്തീകരിച്ച് ആര്യങ്കാവ് വഴി ഡൽഹിയിലേക്ക് തിരിച്ചു. മടക്ക യാത്രയിൽ തെലങ്കാന അതിർത്തിയിൽ നിന്ന് വഴിയാത്രക്കാരിയുടെ 30 ഗ്രാം തൂക്കം വരുന്ന മാലയും കവർന്നു. ഇവർ തിരികെ ഡൽഹിയിലെത്തും മുമ്പേ കേരള പൊലീസ് അവിടെ എത്തിയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും 6000 കിലോമീറ്ററിലേറെയാണ് മോഷ്ടാക്കൾ കാറോടിച്ചത്.
ഡൽഹിയിൽ ഇനാം
പ്രഖ്യാപിച്ച കുറ്റവാളി
ആയുധധാരികളായ നൂറിനടുത്ത് അംഗങ്ങളുള്ള ഗുണ്ടാ സംഘത്തിന്റെ തലവനാണ് സത്യദേവ്. ഡൽഹിയിൽ മാത്രം നൂറിനടുത്ത് കേസുകളിലെ പ്രതി. ബൈക്കിൽ മാല പിടിച്ചുപറിച്ചവർക്ക് പിന്നാലെയുണ്ടായിരുന്ന കറുത്ത സ്കോർപ്പിയോ കാറിൽ പൊലീസിന്റെ ശ്രദ്ധ ഉടക്കിയതാണ് സത്യദേവ് പിടിയിലാകാൻ കാരണം. ഉത്തരാഖണ്ഡ് രജിസ്ട്രേഷൻ കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞതിന് പിന്നാലെ റൂറൽ എസ്.പി ഹരിശങ്കർ പൊലീസ് സംഘത്തെ ഡൽഹിയിലേക്ക് അയച്ചു. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളിലെ മോഷ്ടാക്കളെയും കാറിന്റെ ഉടമയെയും ഡൽഹി പൊലീസ് തിരിച്ചറിഞ്ഞു. മോഷണത്തിനായി കേരളത്തിലെത്തിയ കാർ അറ്റകുറ്റപണിക്ക് നൽകിയ വർക്ക് ഷോപ്പിൽ നിന്ന് തിരികെ എടുക്കാൻ എത്തിയപ്പോഴാണ് സത്യദേവിനെ സായുധ പൊലീസ് സംഘം വളഞ്ഞു പിടികൂടിയത്. ഗുണ്ടാ സംഘത്തിന്റെ ആക്രമണം ഉണ്ടാകുമെന്ന് മനസിലാക്കിയാണ് കോടതിയിൽ ഹാജരാക്കി വിമാനമാർഗം കേരളത്തിലേക്ക് കൊണ്ടുവന്നത്.