x
എൻ. കെ. പ്രേമചന്ദ്രൻ

കൊല്ലം:ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി എതിരായാൽ ഓർഡിനൻസ് പുറപ്പെടുവിക്കുമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതും പാർലമെന്ററികാര്യ വകുപ്പ് മന്ത്രിയുടെ പദവിക്ക് യോജിക്കാത്തതുമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ 36 ദിവസം കൊണ്ട് ഭരണഘടനാ ഭേദഗതി ഉൾപ്പെടെ 35 ബില്ലുകളാണ് ബി.ജെ.പി സർക്കാർ പാസാക്കിയത്. ശബരിമല വിഷയത്തിലും നിഷ്പ്രയാസം നിയമനിർമ്മാണം നടത്താമായിരുന്നു. സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നിലനിൽക്കുന്നതുകൊണ്ടാണ് നിയമനിർമ്മാണം നടത്താൻ കഴിയാഞ്ഞതെന്ന മന്ത്രിയുടെ വാദം നിരർത്ഥകവും അപ്രസക്തവുമാണ്. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ തന്നെ സമർപ്പിച്ച റിവ്യു ഹർജി നിലനിൽക്കുമ്പോഴാണ് ബി.ജെ.പി സർക്കാർ പാർലമെന്റിൽ നിയമനിർമ്മാണം നടത്തി വിധിയെ അപ്രസക്തമാക്കിയത്. നിയമനിർമ്മാണത്തെ സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയിലെ കാപട്യം ജനം തിരിച്ചറിയും.

ശബരിമല സംബന്ധിച്ച് സ്വകാര്യബില്ല് കൊണ്ടുവന്നപ്പോൾ ബി.ജെ.പി വക്താവ് മീനാക്ഷി ലേഖിയെക്കൊണ്ട് ബില്ലിനെ സഭയിൽ എതിർക്കുകയാണ് ചെയ്തത്. ബില്ല് ഇപ്പോഴും പാർലമെന്റിന്റെ സജീവ പരിഗണനയിലാണ്. ബില്ല് തള്ളിപ്പോയി എന്ന് പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധവും ദുരുദ്ദേശ്യപരവുമാണ്. ആ സ്വകാര്യ ബില്ല് ചർച്ചയ്‌ക്കെടുക്കുമ്പോൾ ബി.ജെ.പിയും സി.പി.എമ്മും അനുകൂലിക്കുമോ പ്രതികൂലിക്കുമോ എന്ന് വെളിപ്പെടുത്തണം.

കേരളത്തിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു വേണ്ടി മാത്രമാണ് ബി.ജെ.പി ശബരിമല വിഷയം ഉയർത്തിക്കൊണ്ടുവരുന്നത്.

സമവർത്തിത ലിസ്റ്റിൽപ്പെട്ട വിഷയമായതിനാൽ നിയമനിർമ്മാണം നടത്തുന്നതിന് സംസ്ഥാന സർക്കാരിന് യാതൊരു തടസ്സവുമില്ല. വിശ്വാസികൾക്കൊപ്പമാണെന്ന് ദേവസ്വം മന്ത്രിയും നവോത്ഥാനമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രിയും പരസ്പര വിരുദ്ധ പ്രസ്താവന നടത്തി ജനങ്ങളെ പരിഹസിക്കുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.