c
മുണ്ടയ്ക്കലിൽ മോഷണം തുടർക്കഥയാകുന്നു

 തിങ്കളാഴ്ച രാത്രി രണ്ട് കടകളിൽ മോഷണം

കൊല്ലം: മുണ്ടയ്ക്കലിലും പരിസര പ്രദേശങ്ങളിലും മോഷണം തുടർക്കഥയാകുന്നു. തിങ്കളാഴ്ച രാത്രി അമൃതകുളത്തെ രണ്ട് കടകളിൽ മോഷണം നടന്നു. കഴിഞ്ഞ ശനിയാഴ്ച അമൃതകുളം ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് കവർച്ച നടത്തിയിരുന്നു. അമൃതകുളം ജംഗ്ഷനിൽ അടുത്തടുത്ത് പ്രവർത്തിക്കുന്ന ഗിരിയുടെ ബേക്കറിയിലും ഹുസൈന്റെ പലചരക്ക് കടയിലുമാണ് തിങ്കളാഴ്ച മോഷണം നടന്നത്. രണ്ടിടത്തും ഓടിളക്കിയാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. രണ്ട് കടകളിലെയും മേശയിൽ സൂക്ഷിച്ചിരുന്ന പണവും ഭക്ഷ്യവസ്തുക്കളും മോഷണം പോയി. ഒന്നിലധികം പേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം. ഒന്നരമാസം മുൻപ് മുണ്ടയ്ക്കലെ വീട്ടിൽ നിന്ന് ആഡംബര സൈക്കിൾ മോഷണം പോയിരുന്നു. ദിവസങ്ങൾക്ക് ശേഷം മുണ്ടയ്ക്കൽ പാലത്തിന് സമീപത്തെ ഗുരുമന്ദിരത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം കവർന്നിരുന്നു. അഞ്ച് ദിവസം മുൻപ് മുണ്ടയ്ക്കലുള്ള ഒരു വീട്ടിൽ നിന്ന് സൈക്കിൾ മോഷണം പോയിരുന്നു. ഇതിന്റെയെല്ലാം സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയെങ്കിലും അന്വേഷണം ഇഴയുകയാണെന്ന് ആക്ഷേപമുണ്ട്.