photo
ബിനുകുമാർ

കൊട്ടാരക്കര: മാരകായുധവുമായി പുലർച്ചെ വീടുകയറി വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കൊട്ടാരക്കര പ്ളാപ്പള്ളി വടക്കേക്കര പുത്തൻവീട്ടിൽ ബിനുകുമാറിനെയാണ്(40) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതി വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടമ്മ നിലവിളിച്ചതോടെ അയൽക്കാർ ഓടിക്കൂടുകയും പ്രതി രക്ഷപെടുകയുമായിരുന്നു. പിന്നീട് കൊട്ടാരക്കര പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് എസ്.ഐ സാബുജിയുടെ നേതൃത്വത്തിൽ ബിനുകുമാറിനെ അറസ്റ്റ് ചെയ്തത്.