പത്തനാപുരം: ഗാന്ധിഭവനിൽ വിജയദശമി ആഘോഷവും വിദ്യാരംഭവും നടന്നു. ഗാന്ധിഭവനിലെ അന്തേവാസികളായ കുട്ടികളെ കൂടാതെ പുറത്തുനിന്നുള്ള കുരുന്നുകളും കാരുണ്യത്തിന്റെ കൂട്ടുകുടുംബത്തിൽ നിന്നും ആറിവിന്റെ ആദ്യക്ഷരം നുകർന്നു. കവയത്രിയും സാമൂഹ്യപ്രവർത്തകയുമായ എം.ആർ. ജയഗീത, ചലച്ചിത്രനടൻ ടി.പി. മാധവൻ, ഗാന്ധിഭവൻ ട്രസ്റ്റി പ്രസന്നാ രാജൻ എന്നിവർ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു.
ഹരിയാന സ്വദേശിനിയായ സലോനി എന്ന പന്ത്രണ്ടുകാരിയും മലയാളത്തിൽ ഹരിശ്രീ കുറിച്ചുകൊണ്ട് മുടങ്ങിയ പഠനം പുനരാരംഭച്ചു. മാതാവിനൊപ്പം ഒന്നരമാസം മുമ്പാണ് സലോനി ഗാന്ധിഭവനിൽ അന്തേവാസിയായി എത്തിയത്. വിജയദശമി സമ്മേളനം എം.ആർ. ജയഗീത ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ സ്വാഗതവും അഹമ്മദ് മുസ്ലിം നന്ദിയും പറഞ്ഞു.