കൊട്ടാരക്കര: ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായുള്ള പമ്പ് ഹൗസ് നിർമ്മാണം പുരോഗമിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കോൺക്രീറ്റ് നടക്കും. കല്ലടയാറിന്റെ തീരത്തായി ഞാങ്കടവ് പാലത്തിന് സമീപം നിർമ്മിച്ച കിണറിന്റെ മുകളിലായാണ് പമ്പ് ഹൗസിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. മാസങ്ങൾക്ക് മുൻപുതന്നെ കിണറിന്റെ നിർമ്മാണം പൂർത്തിയായിരുന്നു. 12 മീറ്റർ വ്യാസത്തിൽ 11.40 മീറ്റർ താഴ്ചയുള്ള കിണറാണ് കുഴിച്ചത്. ഒരു മീറ്റർ ഉയരത്തിൽ റിംഗ് ഉറപ്പിച്ച ശേഷം ഇത് കോൺക്രീറ്റ് ചെയ്തെടുത്ത് ഭൂമിക്ക് മുകളിലേക്കുള്ള റിംഗ് പൂർത്തിയാകുമ്പോൾ അടിഭാഗത്തെ മണ്ണ് നീക്കം ചെയ്ത് ഇത് താഴേയ്ക്ക് ഇരുത്തിയുള്ള സ്കൂപ്പിംഗ് മോഡൽ കിണറാണ് നിർമ്മിച്ചത്. കിണർ നിർമ്മാണത്തിനായി 2.6 കോടി രൂപയാണ് ചിലവിട്ടത്. ഇതിന്റെ ഭാഗമായിത്തന്നെയാണ് പമ്പ് ഹൗസിന്റെ നിർമ്മാണവും നടക്കുന്നത്. 830 എച്ച്.പിയുടെ മൂന്ന് പമ്പുകളാണ് ഇവിടെ വേണ്ടിവരുന്നത്. അഞ്ച് മീറ്റർ ഉയരമുള്ളതാണ് പമ്പ് സെറ്റുകൾ. അത് കണക്കിലെടുത്ത് എട്ട് മീറ്റർ ഉയരമുള്ള പമ്പ് ഹൗസാണ് ഇവിടെ നിർമ്മിക്കുന്നത്. പമ്പ് ഹൗസിന്റെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ഇതിന് സമീപത്തെ സ്വകാര്യ ഭൂമി ഏറ്റെടുത്ത് ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ഞാങ്കടവ് ഭാഗത്തെ നിർമ്മാണപ്രവർത്തനം മാത്രമാണ് ഇപ്പോൾ നടന്നുവരുന്നത്.
പൈപ്പ് ഇടീൽ മുടങ്ങി
മഴ പെയ്ത്തു തുടങ്ങിയപ്പോൾ മുതൽ പൈപ്പ് പദ്ധതിക്കായുള്ള പൈപ്പ് ഇടീൽ മുടങ്ങിയിരിക്കുകയാണ്. 28 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് ഇടേണ്ടത്. ഇതിൽ 19 കിലോമീറ്റർ നീളത്തിൽ പൈപ്പ് ഇട്ടുകഴിഞ്ഞു. കൊല്ലം - തിരുമംഗലം ദേശീയപാതയോരത്തെ പൈപ്പിടുന്ന പ്രവർത്തനമാണ് ആദ്യമേ പൂർത്തിയാക്കിയത്. കുണ്ടറയ്ക്കും ചന്ദനത്തോപ്പിനും ഇടയിലായി റെയിൽവേ പാലത്തിനടിയിൽക്കൂടി പൈപ്പിടേണ്ടതുണ്ട്. റെയിൽവേയ്ക്ക് അനുമതിയ്ക്കായി അപേക്ഷ നൽകിയെങ്കിലും ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല. മഴ പൂർണമായും മാറിയ ശേഷം പൈപ്പിടുന്ന ജോലികൾ പുനരാരംഭിക്കാനാണ് തീരുമാനം.
313.35 കോടി രൂപയുടെ പദ്ധതി
കൊല്ലം പട്ടണത്തിന്റെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയുന്ന ബൃഹത് സംരംഭമാണ് ഞാങ്കടവ് കുടിവെള്ള പദ്ധതി. കിഫ്ബിയിലും അമൃത് പദ്ധതിയിലും ഉൾപ്പെടുത്തി 313.35 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. കൊല്ലം കോർപ്പറേഷനും കൊറ്റങ്കര പഞ്ചായത്തിനും കുടിവെള്ളം ലഭ്യമാക്കുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഞാങ്കടവിൽ നിന്ന് പൈപ്പ് വഴി വെള്ളം വസൂരിച്ചിറയിലെത്തി ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
830 എച്ച്.പിയുടെ മൂന്ന് പമ്പുകളാണ് ഇവിടെ വേണ്ടിവരുന്നത്
5 മീറ്റർ ഉയരമുള്ളതാണ് പമ്പ് സെറ്റുകൾ
8 മീറ്റർ ഉയരമുള്ള പമ്പ് ഹൗസാണ് നിർമ്മിക്കുന്നത്