പത്തനാപുരം:കടയ്ക്കാമൺ അംബേദ്കർ കോളനിയിൽ ഗർഭിണിയും കുട്ടികളും വയോധികരും ഉൾപ്പെടെ ഏഴ് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു.ഇന്നലെ വൈകിട്ട് ആറോടെ കോളനിയിലെ ഒന്നാം റോഡിലായിരുന്നു സംഭവം.പ്ലോട്ട് നമ്പർ ഒന്ന് ബിയിൽ താമസിക്കുന്ന ആറുമാസം ഗർഭിണിയായ കാർത്തിക (27),വിഷ്ണു(11),പ്ലോട്ട് നമ്പർ എട്ട് ബിയിലെ തങ്കപ്പൻ(67),ചെറുമകൻ അമൽ (10),മൂന്ന് ബിയിൽ സേതുലക്ഷ്മി (30),പ്ലോട്ട് നമ്പർ 32ൽ ആലീസ് (35),രണ്ട് ബിയിൽ ആനന്ദൻ(74) എന്നിവർക്കാണ് കടിയേറ്റത്.
ഇവരെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു.ഗർഭിണിയായ കാർത്തിക,വിദ്യാർത്ഥികളായ അമൽ,വിഷ്ണു എന്നിവരെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.അമലിനും,വിഷ്ണുവിനും മുഖത്തും,കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.വളർത്തു മൃഗങ്ങൾക്കും കടിയേറ്റതായി സംശയിക്കുന്നുണ്ട്.പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെങ്കിലും പഞ്ചായത്തധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമില്ലെന്ന് ആക്ഷേപമുണ്ട്.