photo
യോഗീശ്വരൻ മൈനിംഗ് സൈറ്റിൽ തുമ്പെടുത്ത് നശിക്കുന്ന ഐ.ആർ.ഇ കമ്പനിയുടെ ഡ്രഡ്്ജജർ

കരുനാഗപ്പള്ളി: കരിമണൽ ഖനനത്തിനായി വെള്ളനാതുരുത്ത് മൈനിംഗ് ഏരിയയിൽ ചവറ ഐ.ആർ.ഇ കമ്പനി കൊണ്ട് വന്ന ഡ്രഡ്ജർ ഉപയോഗ ശൂന്യമായി തുരുമ്പെടുത്ത് നശിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഡ്രജ്ജർ യോഗീശ്വരൻ മൈനിംഗ് സൈറ്റിൽ ഉപയോഗിക്കാതെ കിടക്കുകയാണ്. 80 ലക്ഷത്തോളം രൂപ വിലയുള്ള ഡ്രജ്ജറാണ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത്. 12 മീറ്റർ വരെ ആഴത്തിൽ ഡ്രജ്ജ് ചെയ്തു കരിമണൽ എടുക്കാൻ ശേഷിയുള്ള മെഷിനറികളാണ് ഡ്രജ്ജറിലുള്ളത്. ഡ്രജ്ജ് ചെയ്യുന്ന റാസാന്റ് (കരിമണൽ) അപ്പോൾ തന്നെ ധാതു മണൽ വേർതിരിച്ച് വേസ്റ്റ് മണൽ പുറത്തേക്ക് തള്ളാനുള്ള സംവിധാനവും ഡ്രജ്ജറിന്റെ പ്രത്യേകതയാണ്. ഡ്രജ്ജറിൽ പൈപ്പ് ഘടിപ്പിച്ചാൽ ഡ്രജ്ജ് ചെയ്യുന്ന മണൽ അപ്പോൾ തന്നെ വെള്ളനാതുരുത്തിലെ സെപ്പറേഷൻ പ്ലാന്റിലെത്തിക്കാനുള്ള സാങ്കേതിക വിദ്യയുമുണ്ടെന്ന് സിവിൽ ഫോറം തൊഴിലാളികൾ പറയുന്നു. ഡ്രജ്ജറിനുള്ളിൽ വെച്ച് ധാതു മണൽ വേർതിരിച്ച ശേഷം പുറത്തേക്ക് തള്ളുന്ന വേസ്റ്റ് മണ്ണ് ഉപയോഗിച്ച് ഡ്രജ്ജ് ചെയ്ത കുഴികൾ അപ്പോൾ തന്നെ റീഫില്ല് ചെയ്ത് യഥാർത്ഥ അവകാശികൾക്ക് ഭൂമി തിരികെ നൽകാനും കഴിയും. ഇത്രയധികം സൗകര്യങ്ങളുണ്ടായിട്ടും കമ്പനി എന്തുകൊണ്ട് ഡ്രജ്ജറിന്റെ സേവനം പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ചോദ്യം. ഡ്രജ്ജർ കമ്പനി പ്രയോജനപ്പെടുത്തിയാൽ ഒരു മിനി സെപ്പറേഷൻ പ്ലാന്റിന്റെ സേവനമാണ് ലഭ്യമാകുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന ഡ്രജ്ജറിനെ നോക്കുകുത്തിയാക്കി കരാറുകാരനെ സഹായിക്കുന്ന സമീപനമാണ് കമ്പനി അധികൃതർ കൈക്കൊള്ളുന്നതെന്ന ആക്ഷേപം ശക്തമാണ്.

ഡ്രജ്ജർ ഉപയോഗ ശൂന്യമായിട്ട് 3 വർഷം പിന്നിടുന്നു

80 ലക്ഷത്തോളം രൂപയാണ് ഡ്രജ്ജറിന്റെ വില

12മീറ്റർ വരെ ആഴത്തിൽ ഡ്രജ്ജ് ചെയ്യാനുള്ള കപ്പാസിറ്റിയുണ്ട്

നിലവിലെ മൈനിംഗ്

നിലവിൽ മൈനിംഗ് സൈറ്റിൽ കിറാച്ചിയും ഫ്രണ്ട് ലോഡറും ഉപയോഗിച്ചാണ് മൈനിംഗ് നടത്തുന്നത്. ഇതു കരാർ അടിസ്ഥാനത്തിലാണ്. കിറ്റാച്ചി ഉപയോഗിച്ച് കുഴിച്ചെടുക്കുന്ന കരിമണൽ ഫ്രണ്ട് ലോഡർ ഉപയോഗിച്ചാണ് ടിപ്പർ ലോറികളിൽ നിറയ്ക്കുന്നത്. ഇവിടെ നിന്ന് മണൽ വെള്ളനാതുരുത്തിലെ സെപ്പറേഷൻ പ്ലാന്റിൽ എത്തിക്കുന്നത്. ഇവിടെ വെച്ചാണ് ധാതു മണൽ വേർതിരിക്കുന്നത്. കിറ്റാച്ചി ഉപയോഗിച്ച് കുഴിച്ചെടുക്കുന്ന റാസാന്റ് കരയിൽ കൂട്ടിയിട്ട് വെള്ളം പൂർണമായും വാർന്ന് പോയതിന് ശേഷമേ ലോഡ് ചെയ്യാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ കുഴിച്ചെടുക്കുന്ന മണ്ണ് അപ്പോൾ തന്നെ ഫ്രണ്ട് ലോഡർ ഉപയോഗിച്ച് ടിപ്പൽ ലോറികളിൽക്കയറ്റി കമ്പനിയുടെ പ്ലാന്റിലേക്ക് കൊണ്ട് പോകുകയാണ് പതിവ്.