സ്ത്രീകൾ സ്ത്രീകളെ വിവാഹം കഴിക്കുന്ന നാട്. എന്നാൽ, ശാരീരിക ആകർഷണം മൂലമോ പ്രണയം കൊണ്ടോ അല്ല ഈ വിവാഹങ്ങൾ നടക്കുന്നത്. അത് സ്ത്രീകളുടെ സുരക്ഷയ്ക്ക്
വേണ്ടിയാണ്. കെനിയയുടെ അടുത്ത് ടാൻസാനിയൻ ഗ്രാമമായ കിതവാസിയിലെ കുരിയ ഗോത്രത്തിലാണ് ഈ പ്രത്യേക ആചാരം. ഇവിടെ പുരുഷന്മാരായ അനന്തരാവകാശികൾ ഇല്ലാത്ത വയോധികയ്ക്ക് ചെറുപ്പക്കാരിയായ സ്ത്രീയെ വിവാഹം ചെയ്യാം. മക്കളുള്ളതോ
മക്കളുണ്ടാകാൻ സാദ്ധ്യതയുള്ളതോ ആയ യുവതികളേയും വിവാഹം കഴിക്കാൻ തടസമില്ല. ഇങ്ങനെയുള്ള വിവാഹങ്ങളുടെ ലക്ഷ്യം സുരക്ഷിത്വമാണ്.
കുരിയ ഗോത്രം പിന്തുടർന്നുപോരുന്ന പാരമ്പര്യത്തിന്റെ ഭാഗമാണ് ന്യുമ്പാ ന്തൊബു എന്ന് പേരിട്ടുവിളിക്കുന്ന ഈ പെൺവിവാഹങ്ങൾ. കെനിയൻ അതിർത്തിയായ കിതവാസി ഗ്രാമത്തിൽ കുരിയ ഗോത്രത്തിലെ 78 ശതമാനം സ്ത്രീകളും ഭർത്താക്കന്മാരാൽ പീഡിപ്പിക്കപ്പെടുന്നവരാണ് എന്നാണ് സർക്കാരിന്റെ കണക്ക്. ഈ അതിക്രമങ്ങളിൽ നിന്നുള്ള മോചനമാണ് ഇത്തരം വിവാഹങ്ങൾ.
ടാൻസാനിയൻ നിയമപ്രകാരം സ്ത്രീക്കും
പുരുഷനും വസ്തുവകകളിൽ തുല്യ അവകാശങ്ങളാണുള്ളത്. എന്നാൽ, കുരിയ പോലെയുള്ള
ഗോത്രങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോൾ ആ നിയമം പൂർണമായും നടപ്പാവാറില്ല. പീഡനവും ദുരിതങ്ങളും മാത്രമാണ് സ്ത്രീകൾക്ക് ലഭിക്കുക.ഇങ്ങനെയുള്ള പെൺവിവാഹങ്ങൾ നടക്കുമെങ്കിലും സ്വവർഗ ലൈംഗികത നിയമവിരുദ്ധമായ നാടാണ് ടാൻസാനിയ. പരസ്പരം സ്‌നേഹിക്കുന്ന രണ്ട് സ്ത്രീകൾക്ക് അവരുടെ സ്‌നേഹം പരസ്യമായി പ്രകടിപ്പിക്കാനും ഇവിടെ അനുവാദമില്ല.