കൊല്ലം: യാത്രക്കാരെയും നാട്ടുകാരെയും തീരാദുരിതത്തിലാക്കി പള്ളിമുക്ക് - ഇരവിപുരം റോഡിന്റെ റീ ടാറിംഗ് നീളുന്നു. മൂന്ന് മാസം മുൻപ് ടാറിംഗിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ടാറിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല. അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞ് റോഡ് ഇടയ്ക്കിടെ അടയ്ക്കുന്നത് ഗതാഗത പ്രതിസന്ധി രൂക്ഷമാക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.
ടാറിംഗിന് മുന്നോടിയായി പൊളിഞ്ഞിളകിപ്പോയ ഭാഗങ്ങൾ അടയ്ക്കാനും കയറ്റിറക്കങ്ങൾ നിരപ്പാക്കാനുമായി ഇടയ്ക്കിടെയായി രണ്ടാഴ്ചയോളമാണ് റോഡ് അടച്ചിട്ടിരുന്നത്. ഇതിന് ശേഷം റോഡ് തുറന്ന് വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ മെറ്റൽ വീണ്ടും ഇളകി. പരിസര പ്രദേശങ്ങളിലാകെ പൊടിപടലങ്ങൾ വ്യാപിച്ചതിനാൽ സമീപത്ത് താമസിക്കുന്നവരും കച്ചവടക്കാരും കടുത്ത ബുദ്ധിമുട്ടാണനുഭവിക്കുന്നത്. പൊടിപടലങ്ങൾ കാരണം കടകൾ തുറക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. 2.6 കിലോ മീറ്റർ നീളത്തിലുള്ള റോഡ് 1.9 കോടി രൂപ ചെലവിൽ ബി.എം & ബി.സി ശൈലിയിലാണ് റീ ടാർ ചെയ്യുന്നത്. ആദ്യഘട്ടമായ ബി.എമ്മിനുള്ള ടാർ ഉരുക്കാൻ പണി തുടങ്ങുന്നതിന്റെ തലേദിവസം തന്നെ പ്ലാന്റ് പ്രവർത്തിച്ച് തുടങ്ങണം. മഴയ്ക്ക് നേരിയ സാദ്ധ്യത കാണുമ്പോൾത്തന്നെ അധികൃതർ പ്ലാന്റിന്റെ പ്രവർത്തനം നിറുത്തിവെച്ച് ടാറിംഗ് നീട്ടിക്കൊണ്ടു പോവുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
2.6 കിലോമീറ്റർ നീളത്തിലുള്ള റോഡ് 1.9 കോടി രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി ശൈലിയിലാണ് റീ ടാർ ചെയ്യുന്നത്.
പള്ളിമുക്ക് - ഇരവിപുരം റോഡിലെ ഗതാഗതം തടഞ്ഞു
ഇരവിപുരം റോഡ് അടച്ചതോടെ മയ്യനാട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ഇടുങ്ങിയ പിണയ്ക്കൽ റോഡ് വഴിയാണ് കടത്തിവിടുന്നത്. അതുകൊണ്ട് തന്നെ പലർക്കും ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യസമയത്ത് എത്താനുമാകുന്നില്ല. അറ്റകുറ്റപ്പണിക്കെന്ന പേരിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്നലെ വൈകിട്ടോടെ വീണ്ടും പള്ളിമുക്ക് - ഇരവിപുരം റോഡിലെ ഗതാഗതം തടഞ്ഞിരിക്കുകയാണ്.
പ്രതികരണങ്ങൾ
ഈ റോഡിലൂടെ സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പള്ളിയിലേക്കും ആയിരക്കണക്കിന് പേരാണ് സഞ്ചരിക്കുന്നത്. പൊടികാരണം ഇവർ കടുത്ത ബുദ്ധിമുട്ടിലാണ്. റോഡ് വക്കിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഒരുദിവസം ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഓരോ വാഹനം കടന്നുപോകുമ്പോഴും കാഴ്ചമറയുന്ന തരത്തിലാണ് പൊടിപറക്കുന്നത്. മഴയെന്ന കാരണം പറഞ്ഞാണ് ടാറിംഗ് നീട്ടുന്നത്. ഇതേ കരാറുകാരൻ തൊട്ടടുത്ത് വേറെ പണി ചെയ്യുന്നുണ്ട്. രാവിലെയും വൈകിട്ടും വെള്ളം നനയ്ക്കണമെന്ന കരാറിലെ വ്യവസ്ഥ പാലിക്കാനെങ്കിലും കരാറുകാരൻ തയ്യാറാകണം.
കൊല്ലൂർവിള സുനിൽ ഷാ (സാമൂഹ്യ പ്രവർത്തകൻ)
മഴ കാരണമാണ് ടാറിംഗ് നീളുന്നത്. പദ്ധതിക്ക് പണം വകയിരുത്തി സാങ്കേതികാനുമതിയും വാങ്ങി കരാറിലെത്തിച്ചത് ഏറെ പണിപ്പെട്ടാണ്. ഒരു മണിക്കൂറെങ്കിലും മുൻപേ ടാറിംഗ് തുടങ്ങണമെന്നാണ് ആഗ്രഹം. മഴ മാറാതെ ടാറിംഗ് ആരംഭിച്ചാൽ വിപരീത ഫലമായിരിക്കും ലഭിക്കുക.
എം. നൗഷാദ് എം.എൽ.എ