കൊല്ലം: കൊല്ലം നഗരത്തെ പ്രമുഖ വ്യാപാര കേന്ദ്രമാക്കി വളർത്തിയ കല്ലുപാലം വൈകാതെ ഓർമ്മയാകും. ദേശീയജലപാതയിലൂടെയുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പാലത്തിന്റെ നിർമ്മാണത്തിനായി ഈമാസം 15ന് കല്ലുപാലം പൊളിച്ച് നീക്കിത്തുടങ്ങും.
കല്ലുപാലം പൊളിച്ച് പുതിയത് നിർമ്മിക്കാനുള്ള കരാർ നിലവിൽ വന്നത് ഒന്നര വർഷം മുൻപാണ്. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കല്ലുപാലം പൊളിക്കാനുള്ള അനുമതി ലഭിക്കുന്നത് നീണ്ടുപോവുകയായിരുന്നു. ജൂണിൽ അനുമതി ലഭിച്ചെങ്കിലും ഓണക്കാലത്ത് ഗതാഗത ക്കുരുക്ക് ഉണ്ടാകാതിരിക്കാനാണ് പൊളിച്ചുനീക്കൽ നീട്ടിയത്. ഉൾനാടൻ ജലഗതാഗത വകുപ്പാണ് നിർവഹണ ഏജൻസി.
ഗതാഗത ക്രമീകരണം
15 മുതൽ കല്ലുപാലം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കും. ഇതുവഴിയുള്ള വാഹനങ്ങൾ പണ്ടകശാല പാലം വഴി കടന്നുപോകണം. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങൾ അധികസമയം റോഡിൽ പാർക്ക് ചെയ്യാൻ പാടില്ല. ഗതാഗതം നിയന്ത്രിക്കാൻ പാലം നിർമ്മാണത്തിന്റെ കരാറുകാർ ട്രാഫിക് വാർഡൻമാരെ നിയോഗിക്കും.
1 മാസത്തിനുള്ളിൽ നിർമ്മാണം
ഒരു മാസത്തിനുള്ളിൽ പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിക്കും. അതിന് മുൻപായി നിലവിലെ പാലം പൊളിച്ച് നീക്കും. പാലത്തിന്റെ അവശിഷ്ടങ്ങൾ അപ്പപ്പോൾ തന്നെ നീക്കം ചെയ്യും. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
പുതിയ പാലത്തിന്റെ നീളം: 25 മീറ്റർ
ജലനിരപ്പിൽ നിന്നുള്ള ഉയരം: 5 മീറ്റർ
ജലനിരപ്പിനോട് ചേർന്നുള്ള നീളം:15 മീറ്റർ
പദ്ധതി തുക: 5 കോടി
കല്ലുപാലത്തിന് ഒരു ചരിത്രമുണ്ട്!
150 വർഷം മുമ്പ് സേതു പാർവതീ ഭായി തിരുവിതാംകൂർ റാണിയായിരുന്ന കാലത്താണ് പാർവതി പുത്തനാറിനെയും അഷ്ടമുടിക്കായലിനെയും ബന്ധിപ്പിച്ച് കൊല്ലം തോട് വെട്ടിയത്. പുതിയ തോട് വന്നതോടെ ഇരുവശത്തേയ്‌ക്കുമായി മാറിയ ചാമക്കട മുതൽ ലക്ഷ്മീനട വരെയുള്ള കച്ചവടശാലകളെ ബന്ധിപ്പിക്കാൻ 1880 കളുടെ അവസാനത്തിലാണ് കല്ലുപാലം നിർമ്മിച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു. കരിങ്കല്ല് കൊണ്ടായിരുന്നു നിർമ്മാണം. പ്രധാന വ്യാപാരകേന്ദ്രങ്ങളെ വെട്ടിമുറിച്ചുകൊണ്ടാണ് തോട് നിർമ്മിച്ചതെങ്കിലും പിന്നീട് കല്ലുപാലം വന്നതോടെ നഗരത്തിലെ വ്യാപാരം കൂടുതൽ മെച്ചപ്പെട്ടു. ഇപ്പോൾ തകർന്ന നിലയിലുള്ള കൽപ്പടവുകൾ നിർമ്മിച്ചതും പാലത്തിനൊടൊപ്പമായിരുന്നു. ദൂരദേശങ്ങളിൽ നിന്ന് വള്ളങ്ങളിൽ ഇവിടേക്ക് ധാരാളമായി ചരക്ക് കൊണ്ടുവരുകയും മറ്റ് ഉൽപ്പന്നങ്ങൾ തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്നു.