c
കടപ്പാക്കട സ്റ്റേഷന്റെ ശ്വാസംമുട്ടിന് പരിഹാരം

 കടപ്പാക്കട സ്റ്റേഷന്റെ ശ്വാസംമുട്ടിന് പരിഹാരം

കൊല്ലം: ജില്ലാ ഫയർ ഓഫീസിന് സ്വന്തം കെട്ടിടം വൈകാതെ യാഥാർത്ഥ്യമാകും. കടപ്പാക്കട സ്റ്റേഷൻ വളപ്പിൽ തന്നെ രണ്ട് നിലകളുള്ള ഓഫീസ് കെട്ടിടം നിർമ്മിക്കാൻ 80.30 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. പുതിയ ഓഫീസ് വരുന്നതോടെ ജില്ലാ ഫയർ ഓഫീസ് 24 മണിക്കൂറും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന കടപ്പാക്കട ഫയർ സ്റ്റേഷനിലാണ് നിലവിൽ ജില്ലാ ഫയർ ഓഫീസ് പ്രവർത്തിക്കുന്നത്.

80 സേനാംഗങ്ങളുള്ള സ്റ്റേഷനിൽ വിശ്രമിക്കാനോ വസ്ത്രം മാറാനോ വേണ്ടത്ര ഇടമില്ല. പുതിയ കെട്ടിടം വരുന്നതോടെ നിലവിൽ ജില്ലാ ഫയർ സ്റ്റേഷനായി പ്രവർത്തിക്കുന്ന സ്ഥലം സ്റ്റേഷൻ ഓഫീസറുടെ ഓഫീസായി മാറും. ഇപ്പോൾ സ്റ്റേഷൻ ഓഫീസായി പ്രവർത്തിക്കുന്ന സ്ഥലം സേനാംഗങ്ങളുടെ വിശ്രമ കേന്ദ്രമാക്കും.

നിലവിൽ ജില്ലാ ഫയർ ഓഫീസ് പ്രവർത്തനം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്.പുതിയ കെട്ടിടം വരുന്നതോടെ ഹോം ഗാർഡുമാരെ നിയമിച്ചാകും 24 മണിക്കൂറും പ്രവർത്തിപ്പിക്കുക. അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ ഇവിടം കേന്ദ്രീകരിച്ചാകും രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം. ഭാവിയിൽ അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തി കൺട്രോൾ റൂം സജ്ജമാക്കാനുള്ള സാദ്ധ്യതയുമുണ്ട്.