sheela

കൊല്ലം: വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുണ്ടറ വെള്ളിമൺ നാന്തിരിയ്ക്കൽ ഷിനുഭവനിൽ ഷീലയുടെ (46) ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നാന്തിരിയ്ക്കൽ ഷീന ഭവനിൽ സ്റ്റാൻസി കൊല്ലം റൂറൽ എസ്.പിക്ക് നൽകിയ പരാതിയിലാണ് റൂറൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഷീലയുടെ ഭർത്താവ്, മകൻ, ബന്ധുക്കളായ രണ്ടുപേർ, പ്രദേശത്തെ സി.പി.എം പഞ്ചായത്ത് അംഗം എന്നിവരെ എതിർകക്ഷികളാക്കിയാണ് സ്റ്റാൻസി പരാതി നൽകിയത്. വീട്ടിൽ അനുഭവിക്കേണ്ടിവന്ന നിരന്തര പീ‌‌ഡനത്തെ തുടർന്നാണ് ഷീല മരിച്ചതെന്ന് മാതാവ് പരാതിയിൽ ആരോപിക്കുന്നു.

ഇക്കഴിഞ്ഞ ജൂലായ് 29ന് രാത്രി 10മണിയോടെ അവശനിലയിൽ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം കൊല്ലത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം തിരികെ കുണ്ടറയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മരണത്തിൽ അസ്വാഭാവികതയുള്ളതായി സഹോദരിയടക്കം പറഞ്ഞുവെങ്കിലും പോസ്റ്റ്മോർട്ടം നടത്താതെ 31ന് നാന്തിരിയ്ക്കൽ പള്ളിയിൽ സംസ്ക്കരിക്കുകയായിരുന്നു. ബന്ധുക്കൾക്ക് പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തതുമില്ല. ആഗസ്റ്റ് 27ന് കുണ്ടറ പൊലീസിൽ സ്റ്റാൻസി പരാതിപ്പെട്ടെങ്കിലും ഒരന്വേഷണവും ഉണ്ടായില്ല. തുടർന്നാണ് റൂറൽ എസ്.പിക്ക് പരാതി നൽകിയത്. എസ്.പി അന്വേഷണത്തിനായി റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ബന്ധപ്പെട്ട കക്ഷികളെ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തത്. പരാതിക്കാരിയെ കൂടാതെ മരിച്ച ഷീലയുടെ ഭർത്താവ് സിംസൺ അടക്കമുള്ളവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ആരാഞ്ഞു. പ്രാഥമികാന്വേഷണം മാത്രമാണ് നടത്തിയതെന്നും തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തതയുണ്ടാകുകയുള്ളുവെന്നും ക്രൈംബ്രാഞ്ച് പൊലീസ് പറഞ്ഞു.