premachandran
കൊല്ലം ലോകസഭാ മണ്ഡലത്തിലെ കശുവണ്ടി തൊഴിലാളികൾക്കായി അദാലത്ത് സംഘടിപ്പിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി

കൊല്ലം:എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട് നവംബർ 11ന് കൊല്ലം ലോകസഭാ മണ്ഡലത്തിലെ കശുവണ്ടി തൊഴിലാളികൾക്കായി അദാലത്ത് സംഘടിപ്പിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു.

പെൻഷനും ഇതര ആനുകൂല്യങ്ങളും ലഭിക്കുന്നതിനും പ്രൊവിഡന്റ് ഫണ്ട് രേഖകളിൽ തിരുത്തൽ വരുത്തുന്നതിനും ആധാർ കാർഡ് ലിങ്ക് ചെയ്യുന്നതിനും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതു സംബന്ധിച്ച പരാതികൾ പരിഹരിക്കാനും അവസരം ലഭിക്കും.

എൻ.കെ. പ്രേമചന്ദ്രന്റെ ആവശ്യപ്രകാരം ഇ.പി.എഫ് മേഖലാ കമ്മിഷണർ വിളിച്ചു ചേർത്ത ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

ഇ.പി.എഫ് രേഖകളിലും ആധാർ കാർഡിലും പേര്, ജനന തീയതി തുടങ്ങിയവയിലുളള വ്യത്യാസം നിമിത്തം ഓൺലൈൻ രജിസ്‌ട്രേഷനായി ആധാർ കാർഡുകൾ ലിങ്ക് ചെയ്യാൻ കഴിയുന്നില്ല.

ഈ സാഹചര്യത്തിൽ ആധാർ കാർഡുകളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനായി കശുഅണ്ടി തൊഴിലാളികൾക്ക് അക്ഷയ സെന്ററുകളിൽ മുൻഗണന ലഭിക്കുന്ന സംവിധാനം സജ്ജമാക്കും.

ഇ.പി.എഫ്.ഒ നിർദ്ദേശിക്കുന്ന തെളിവുകളുമായി ഹാജരാകുന്ന കശുഅണ്ടി തൊഴിലാളികൾക്ക് രേഖകളിൽ മാറ്റം വരുത്തി നൽകും.

പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് പെൻഷനും ഇതര ആനുകൂല്യങ്ങളും ലഭിക്കുന്നതിനായി തൊഴിലുടമ ഒപ്പിടണമെന്ന വ്യവസ്ഥ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടികൾ ലളിതമാക്കും. തൊഴിലാളികൾ ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ ഭാവിയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനളള സങ്കീർണ്ണത ഒഴിവാക്കാൻ കഴിയും.

പെൻഷൻ പറ്റിയ തൊഴിലാളികളുടെ ഇ.എസ്.ഐ കാർഡ് പുതുക്കുന്നതിനുളള സാങ്കേതിക തടസ്സങ്ങൾ നീക്കാൻ നടപടി സ്വീകരിക്കും.

എൻ.കെ പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലം റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ എം. രവി, ഇ.എസ്.ഐ ഡപ്യൂട്ടി ഡയറക്ടർ ടെസ്സിമോൾ ജേക്കബ്, യൂണിയൻ നേതാക്കളായ മടന്തോട് മുരളി, അഡ്വ.കല്ലട കുഞ്ഞുമോൻ, സജി ഡി.ആനന്ദ്, തുളസീധര കുറുപ്പ്, ചക്കാലയിൽ നാസർ, ജി. ബാബു, കോതേത്ത് ഭാസുരൻ, കെ. ശിവരാജൻ, ബി. സുജീന്ദ്രൻ, ടി.ആർ. ഗോപകുമാർ, അജിത്ത്, അഭിജിത്ത്, അമൽരാജ്, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.