photo
കല്ലടയാറ്റിൽ ഞാങ്കടവിൽ തടയണ നിർമ്മിക്കേണ്ട ഭാഗം

കൊട്ടാരക്കര: കൊല്ലം പട്ടണത്തിന്റെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ ആരംഭിക്കുന്ന ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കല്ലടയാറ്റിൽ തടയണ നിർമ്മിക്കും. ഇതിനുള്ള റീ ടെണ്ടർ നടപടി പൂർത്തിയായി വരുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ ടെണ്ടർ പരിശോധിച്ച് തീർപ്പുണ്ടാക്കുമെന്നാണറിയുന്നത്. 22 കോടി രൂപയാണ് തടയണ നിർമ്മാണത്തിനായി നീക്കിവച്ചിട്ടുള്ളത്. ആദ്യം നിശ്ചയിച്ച തുകയിൽ ടെണ്ടർ പൂർത്തിയാക്കാൻ കഴിയാതിരുന്നതിനാലാണ് റീ ടെണ്ടർ വേണ്ടിവന്നത്. ടെണ്ടർ നടപടികൾ പൂർത്തിയായാൽ തടയണ നിർമ്മാണത്തിന്റെ ജോലികൾക്ക് വേഗതയുണ്ടാകും. ഇറിഗേഷൻ വകുപ്പിനാണ് ഇതിന്റെ നിർമ്മാണ ചുമതല.

ആറ്റിലെ ജലനിരപ്പ് ഉയരും മുൻപേ....

കല്ലടയാറ്റിലെ ജലനിരപ്പുയർന്നാൽ തടയണ നിർമ്മാണത്തെ അത് പ്രതികൂലമായി ബാധിക്കും. വരുന്ന മഴക്കാലത്തിന് മുൻപായി നിർമ്മാണ പ്രവർത്തനങ്ങൾ പരമാവധി പൂർത്തീകരിക്കാനാണ് നിർദ്ദേശം. കനത്ത മഴയുണ്ടായാൽ ആറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയരാറുണ്ട്. തടയണയുടെ നിർമ്മാണം പകുതിവഴിയിൽ നിൽക്കുമ്പോൾ മഴ കനത്താൽ അത് എങ്ങനെ പരിഹരിക്കുമെന്നതിനെച്ചൊല്ലി ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണ്.

22 കോടി രൂപയാണ് തടയണ നിർമ്മാണത്തിനായി നീക്കിവച്ചിട്ടുള്ളത്

കിണർ നിർമ്മാണം

കല്ലടയാറ്റിൽ പുത്തൂർ ഞാങ്കടവ് പാലത്തിന് സമീപമാണ് തടയണ നിർമ്മിക്കുന്നത്. ഇവിടെ പദ്ധതിക്കായി കിണർ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. കിണറ്റിലേക്ക് ഉപ്പുവെള്ളം എത്താത്ത വിധമാണ് തടയണ നിർമ്മിക്കുക. കിണറിന് മുകളിലായി പമ്പ് ഹൗസിന്റെ നിർമ്മാണം ഇപ്പോൾ നടന്നുവരുന്നത്.

റഗുലേറ്റർ മോഡൽ തടയണ

റഗുലേറ്റർ മോഡലിൽ കിണർ സ്ഥാപിച്ചിടത്ത് നിന്ന് നൂറ് മീറ്റർ അകലം പാലിച്ചാണ് തടയണ നിർമ്മിക്കുന്നത്. പഴയ ചീർപ്പിന്റെ മോഡലാണ് ഇത്. കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തിൽ തടയണ നിർമ്മിക്കേണ്ടതിനാൽ ആറ്റിലെ ജലം ഒരു വശത്തുകൂടി ഒഴുക്കിവിടും. അടിഭാഗത്ത് പൈലിംഗ് നടത്തി അടിസ്ഥാനം കോൺക്രീറ്റ് ചെയ്യും. മുകളിലേക്ക് 6 മീറ്റർ ഉയരമുള്ള സ്റ്റീൽ ഷട്ടർ സ്ഥാപിച്ചാണ് വെള്ളം നിയന്ത്രിക്കുന്നത്. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷട്ടർ ഉയർ‌ത്തുകയും താഴ്‌ത്തുകയും ചെയ്യാം. ഇതിനായി ഹൈടെക് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.