പത്തനാപുരം: കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രത്തിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ ഉപകരണങ്ങൾ മോഷണംപോയി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ലൈറ്റിന്റെ ഇരുമ്പ് തൂണിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഇ.എൽ.സി.വി മിഷ്യനും ടൈമറും അടക്കമുള്ള ഉപകരണങ്ങളാണ് അപഹരിച്ചത്.
ലൈറ്റ് പ്രകാശിക്കാത്തതിനാൽ പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. കൂടാതെ തിരുവിളങ്ങോനപ്പൻ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന എൽ.ഇ.ഡി ബൾബുകളും അപഹരിച്ചട്ടുണ്ട്.
സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി കുന്നിക്കോട് പൊലീസിൽ പരാതി നൽകി. രണ്ടാഴ്ച മുമ്പാണ് കാര്യറയിൽ അഞ്ച് വീടുകളിൽ മോഷണ ശ്രമം നടന്നത്. മിക്കവീടുകളുടേയും കതക് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. വീട്ടുകാർ ഉണർന്നപ്പോഴേക്കും ഇവർ ഓടിരക്ഷപെട്ടു. കഴിഞ്ഞ ദിവസം തലവൂർ കുരയിൽ ആൾതാമസമില്ലാത്ത വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു. കതക് തകർക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ ഉണർന്ന് ബഹളം വെച്ചപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. കുര കോയിപ്പുറത്ത് കാർത്തികയിൽ ബാബുരാജിന്റെ വീട്ടിലായിരുന്നു സംഭവം. ഇവർ കുടുംബസമേതം ചെന്നൈയിലാണ്. മോഷണം നടന്ന പ്രദേശങ്ങളിൽ കുന്നിക്കോട് പൊലീസ് പരിശോധന നടത്തി.