esi
കോൺഗ്രസ് പ്രവർത്തകർ കൊട്ടിയം ഇ എസ്.ഐ - ഡിസ്പെൻസറിയിലെ സൂപ്രണ്ടിനെ ഉപരോധിക്കുന്നു.

കൊട്ടിയം: കൊട്ടിയം ഇ.എസ്.ഐ ഡിസ്പെൻസറിയിൽ ആവശ്യത്തിന് മരുന്നുകളില്ലാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊട്ടിയം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു. ഇരുപത്തിയേഴായിരത്തോളം തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ ഡിസ്പെൻസറിയിൽ നാല് ഡോക്ടർമാരുണ്ടെങ്കിലും കഴിഞ്ഞ ഏതാനും മാസമായി ആവശ്യത്തിന് മ രുന്നുകളില്ലാതെ രോഗികൾ വലയുന്ന അവസ്ഥയാണ്. രോഗികൾക്ക് പുറത്തു നിന്നും മരുന്നെടുക്കാൻ എഴുതി കൊടുക്കുകയാണ് ഇവിടെ ചെയ്തിരുന്നത്. ഇരുനൂറ്റി അമ്പതോളം രോഗികൾ ദിവസവും മരുന്നു വാങ്ങാനെത്തുന്ന ഇവിടെ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ ലഭ്യമായിരുന്നില്ല. ഇന്നലെ രാവിലെ ഡിസ്പെൻസറിക്ക് മുന്നിലെത്തിയ കോൺഗ്രസ് പ്രവർത്തകർ ഉച്ചവരെ രോഗികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷമാണ് മെഡിക്കൽ ഓഫീസറെ ഉപരോധിച്ചത്. വിവരമറിഞ്ഞെത്തിയ കൊട്ടിയം എസ്. തൃദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മെഡിക്കൽ ഓഫീസറുമായും പ്രതിഷേധക്കാരുമായും ചർച്ച നടത്തി. തുടർന്ന് മെഡിക്കൽ ഓഫീസർ വിഷയം ഇ.എസ്.ഐയുടെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും ഈ മാസം അവസാനത്തോടെ എല്ലാ മരുന്നുകളും ഡിസ്പെൻസറിയിൽ ലഭ്യമാക്കാമെന്നുമുള്ള ഉറപ്പിലാണ് ഉപരോധസമരം അവസാനിപ്പിച്ചത്. ഓർഡർ നൽകിയിരിക്കുന്ന മരുന്നുകളുടെ ലിസ്റ്റും പ്രതിഷേധക്കാർക്ക് നൽകി. കോൺഗ്രസ് കൊട്ടിയം വെസ്റ്റ് മണ്ഡലം പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായ ഉമയനല്ലൂർ റാഫി, കോൺഗ്രസ് നേതാക്കളായ കൊട്ടിയം ഫസലുദ്ദീൻ, പുതുച്ചിറ സനൽ, ഇനാഫ് കൊട്ടിയം, അമ്പിളി, വിഷ്ണു, കെൽവിൻ, അനസ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.