# മുഖ്യ പ്രതി സത്യദേവിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
കൊല്ലം: വഴിയാത്രക്കാരായ സ്ത്രീകളെ തോക്കിൻ മുനയിൽ നിറുത്തി മാല പൊട്ടിച്ചെടുത്ത കേസിലെ കൂട്ടു പ്രതികളെ പിടികൂടാൻ കൊട്ടാരക്കര റൂറൽ പൊലീസിന്റെ പ്രത്യേക സംഘം ഡൽഹിയിൽ തുടരുന്നു. മുഖ്യപ്രതിയും ഡൽഹിയിലെ ഗുണ്ടാ സംഘത്തിന്റെ തലവനുമായ ഡൽഹി സ്വദേശി സത്യദേവ് (40) അറസ്റ്റിലായതോടെ മറ്റുള്ളവർ ഒളിവിൽ പോയി. അവരെ പിടികൂടാനാണ് ഡൽഹിയിൽ തങ്ങുന്ന സംഘത്തിന്റെ ശ്രമം. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് മേൽനോട്ടം വഹിക്കുന്നത്.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന മുഖ്യ പ്രതി സത്യദേവിനെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. പൊലീസിന്റെ ഇതിനുള്ള അപേക്ഷയിൽ ഇന്നലെ കോടതി
പ്രാെഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു.വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താനാണ് പൊലീസിന്റെ തീരുമാനം. സത്യദേവിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഡൽഹിയിൽ തുടരുന്ന പൊലീസ് സംഘത്തിന് മറ്റു പ്രതികളെ കണ്ടെത്താൻ വഴിതെളിക്കുമെന്നാണ് പ്രതീക്ഷ.
സെപ്റ്റംബർ 28ന് രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 12.30 വരെ കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുൻവശം, കർബല, പട്ടത്താനം എന്നിങ്ങനെ ആറിടങ്ങളിലാണ് മാലപൊട്ടിക്കൽ നടത്തിയത്.