photo
സാജൻ ഫിലിപ്പ്

കൊട്ടാരക്കര: എം.സി.റോഡിൽ കൊട്ടാരക്കര ലോവർ കരിക്കത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരിക്കം തെറ്റിയോട് ചരുവിള വീട്ടിൽ സാജൻ ഫിലിപ്പാണ്(25) മരിച്ചത്. പരിക്കേറ്റ കാർ ഡ്രൈവർ വെട്ടിക്കവല മുകളുവിള വീട്ടിൽ ടോണി (24) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മിനിലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി രാജേഷ് (43) കൊട്ടാരക്കര താലൂക്കാശുപത്രിയിലും ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും തേനിയിലേക്ക് പോയ മിനിലോറി എതിരെ വന്ന കാറുമായി ഇടിച്ച് നിയന്ത്രണം വിട്ട് പിന്നിലുണ്ടായിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് തീ പടർന്നു. ഓട്ടോറിക്ഷ പൂർണ്ണമായും കത്തിനശിച്ചു. വാഹനങ്ങൾക്കിടയിൽ കുടുങ്ങിയ ഓട്ടോ ഡ്രൈവർ സാജന് പുറത്തു കടക്കാൻ കഴിഞ്ഞില്ല. കൊട്ടാരക്കര,കുണ്ടറ, പത്തനാപുരം എന്നിവിടങ്ങളിൽ നിന്നുമെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ തീ കെടുത്തിയ ശേഷമാണ് സാജനെ പുറത്തെടുത്തത്. ശരീരമാസകലം പൊള്ളലേറ്റ സാജനെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ മരിച്ചു. അപകടത്തെ തുടർന്ന് എം.സി.റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കരിക്കം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു സാജൻ. അച്ഛൻ: ഫിലിപ്പ്. അമ്മ: സരസ്വതി. ഭാര്യ: ചിഞ്ചു. മകൾ: അനയ. സംസ്കാരം ഇന്ന് രാവിലെ 11ന് നടക്കും.