കരുനാഗപ്പള്ളി: മഴ മാറിയിട്ടും കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കൊച്ചാലുംമൂട് ജംഗ്ഷനിലെ വെള്ളക്കെട്ട് മാറുന്നില്ല. മഴവെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ ജംഗ്ഷനിൽത്തന്നെ കെട്ടി നിൽക്കുകയാണ്. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദങ്ങളിലൊന്നാണ് കൊച്ചാലുംമൂട് ജംഗ്ഷൻ. പനച്ചമൂട് മുസ്ലിം പള്ളി, ഘണ്ടാകർണ്ണൻകാവ് ക്ഷേത്രം, കൊച്ചാലുംമൂട് മാർക്കറ്റ്, മുസ്ലിം എൽ.പി സ്കൂൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ജംഗ്ഷന് സമീപമാണ്. പുതിയകാവ് - കാട്ടിൽകടവ് റോഡ് കടന്ന് പോകുന്നതും കൊച്ചാലുംമൂട് വഴിയാണ്. ചെറുതും വലുതുമായ 50 ഓളം വ്യാപാര സ്ഥാപനങ്ങളാണ് ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. വെള്ളത്തിൽ ചവിട്ടാതെ നാട്ടുകാർക്ക് കടകളിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ മഴ വെള്ളം കടകളിലേക്ക് അടിച്ച് കയറുന്നത് പതിവ് കാഴ്ചയാണ്. ജംഗ്ഷനിലെ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുന്നതിനുള്ള പദ്ധതികൾ പൊതുമരാമത്ത് വകുപ്പോ, ത്രിതല പഞ്ചായത്തു കമ്മിറ്റികളോ തയ്യാറാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വ്യാപാരികളുടെ ആവശ്യം
റോഡിന് കുറുകേ വടക്ക് ഭാഗത്തു നിന്നും ഓട നിർമ്മിച്ച് റേഡിന് തെക്ക് വശമുള്ള ഓടയുമായി ബന്ധിപ്പിക്കണമെന്നുള്ളത് വ്യാപാരികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഓരോ മഴ സീസണിലും വ്യാപാരികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള തുച്ഛമായ ഫണ്ടുപയോഗിച്ച് റോഡിന് കുറുകേ ഓട നിർമ്മിക്കാൻ കഴിയുകയില്ല. ഇതിനാവശ്യമായ പണം പൊതുമരാമത്ത് വകുപ്പ് തന്നെ കണ്ടെത്തേണ്ടതുണ്ട്.
മഴ സീസണിൽ ജംഗ്ഷനിലെ വ്യാപാരികളുടെ ജീവിതം ദുരിത പൂർണമാണ്. മഴവെള്ളം ഒഴുക്കി വിടാനുള്ള സംവിധാനം ഒരുക്കണം. പ്രധാന റോഡിലൂടെ കലുങ്ക് നിർമ്മിച്ച് തെക്കുഭാഗത്തുള്ള ഓടയുമായി ബന്ധിപ്പിക്കണം. ഇങ്ങനെ ചെയ്താൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.
ആർ. ഉത്തമൻ, പൊതു പ്രവർത്തകൻ
വെള്ളക്കെട്ടിന്റെ കാരണം
പ്രധാന റോഡ് ഭൂനിരപ്പിൽ നിന്ന് വഴരെ ഉയത്തിലായതിനാൽ റോഡിന്റെ വടക്ക് ഭാഗത്ത് മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടി നിൽക്കും. റോഡ് ഉയർത്തി ടാർ ചെയ്യുന്നതിന് മുമ്പ് ജംഗ്ഷനിലെ മഴവെള്ളം റോഡിന് മുകളിലൂടെ തെക്ക് ഭാഗത്തേക്ക് ഒഴുകി ഓട വഴി തോട്ടിൽ പതിക്കുമായിരുന്നു. റോഡ് ഉയർന്നതോടെയാണ് ഇതുവഴിയുള്ള നീരൊഴുക്ക് നിലച്ചത്.