pallimukku

 നഗരത്തിൽ തലങ്ങും വിലങ്ങും 'പെയ്ഡ് പാർക്കിംഗ് ഏരിയകൾ'

കൊല്ലം: നഗരത്തിൽ വാഹന പാർക്കിംഗ് സൗകര്യങ്ങൾ മിതമാണെങ്കിലും നഗരസഭയുടെ പാർക്കിംഗ് ഫീ ഈടാക്കൽ തകൃതിയായി നടക്കുന്നുണ്ട്. തിരക്കും സ്ഥലപരിമിതിയും മൂലം റോഡായ റോഡെല്ലാം ചുറ്റിക്കറങ്ങി സ്ഥലം കണ്ടുപിടിക്കുമ്പോഴാകും പാർക്ക് ചെയ്‌തത് ഫീ നൽകേണ്ട ഇടമാണെന്ന് അറിയുക. പണ്ടൊക്കെ നോ പാർക്കിംഗ് ഏരിയയിൽ വാഹനം നിറുത്തിയിടുമ്പോഴാണ് കൈയിൽ നിന്ന് കാശ് പോകുന്നത്. ഇപ്പോൾ നഗരത്തിൽ എവിടെ വാഹനം ഒതുക്കിയിട്ടാലും ഫീ നൽകേണ്ട സ്ഥിയാണ്.

നിലവിൽ മൂന്ന് മണിക്കൂറിന് 20 രൂപയാണ് ഫോർ വീലുകൾക്കും ത്രീ വീലേഴ്സിനും നഗരസഭ ഈടാക്കുന്നത്. ഓരോ അധിക മണിക്കൂറിനും 10 രൂപ വീതം കൂടുതൽ നൽകേണ്ടിയും വരും. ഒരു സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകാൻ ഈ പണപ്പിരിവ് ധാരാളം. റോഡിനും വാഹനത്തിനുമെല്ലാം നികുതി അടയ്‌ക്കുന്നുണ്ട്. അത് പുറത്തിറക്കിയാൽ പാർക്കിംഗ് ഫീ ഇനത്തിൽ നല്ലൊരു തുക ചെലവാകുകയും ചെയ്യും. ആവശ്യത്തിന് പാർക്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കാതെ പാതയോരങ്ങളെല്ലാം 'പെയ്‌‌ഡ് പാർക്കിംഗ് ഏരിയ'യാക്കി മാറ്റുന്ന അധികൃതർക്കതിരെ അമർഷത്തിലാണ് പൊതുജനം.

 അധികൃതർക്ക് പറയാനുള്ളത്

നഗരത്തിലെ പാതയോരങ്ങളിലെ അനധികൃത പാർക്കിംഗിലൂടെ പൊതുജനങ്ങൾ ബുദ്ധിമുട്ടിലാകാൻ തുടങ്ങിതോടെയാണ് പാർക്കിംഗ് ഫീസ് ഈടാക്കാൻ തീരുമാനിച്ചതെന്നാണ് നഗരസഭാ അധികൃതരുടെ നിലപാട്. വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും ഉടമകളും ഉൾപ്പെടെ പാതയോരങ്ങളിലാണ് വാഹനം പാർക്ക് ചെയ്യുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കും അപകടങ്ങളും രൂക്ഷമാകുകയാണ്. പാർക്കിംഗ് ഫീ ഈടാക്കുന്നതിലൂടെ അനാവശ്യ പാർക്കിംഗുകൾ നിയന്ത്രിക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

 തിരുവനന്തപുരം മോഡൽ പരിഷ്‌കരണം വരുന്നു

ഉടൻ തന്നെ നഗരത്തിൽ തിരുവനന്തപുരം നഗരസഭ മോഡൽ പരിഷ്‌കരണം പ്രതീക്ഷിക്കാം. ഇതുപ്രകാരം ടു വീലർ, ഫോർ വീലർ എന്നിങ്ങനെ വാഹനങ്ങൾ പ്രത്യേകം പാർക്കിംഗ് മേഖലകൾ നിശ്ചയിക്കും. പുതിയ പരിഷ്കരണത്തിനായി കോർപ്പറേഷന്റെ ട്രാഫിക്ക് കമ്മിറ്റിയിൽ ഉടൻ ധാരണാകും. ഇതോടെ നിലവിലെ പാർക്കിംഗ് ഫീസിന് മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 ഇനി ഇവിടെയും ഫീ ഈടാക്കും

ചിന്നക്കട, ചാമക്കട, ജില്ലാ ആശുപത്രി പരിസരം, ബീച്ച് റോ‌ഡ്, ചുങ്കത്ത് ജ്വലറിക്ക് സമീപം മെയിൻ റോഡ് ഭാഗം, റെയിൽവേ സ്റ്റേഷന് പുറത്ത് എന്നിവിടങ്ങളിലും പാർക്കിംഗ് ഫീ ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം.

 '' നഗരത്തിലെ വിവിധ ഇടങ്ങളിൽ പാർക്കിംഗിന് ഫീ ഈടാക്കുന്നത് ബന്ധപ്പെട്ട വകുപ്പുകളിൽ ചർച്ച ചെയ്‌തെടുത്ത തീരുമാനമാണ്. പുതിയ പാർക്കിംഗ് സ്ഥലങ്ങൾ കൂടി വരുന്നതോടെ അവിടെയും ഫീസ് ഈടാക്കും. എന്നാൽ മറ്റ് നഗരസഭകളെ അപേക്ഷിച്ച് വലിയ ഫീസ് കൊല്ലം നഗരസഭ ഈടാക്കുന്നില്ല. ഇത്തരം നടപടികൾ പോസ്റ്രീവായി കാണാൻ സാധിക്കണം.''

വി.എസ്. പ്രിയദർശനൻ, (നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)