kollam
കൊല്ലം നഗരസഭയുടെ വടക്കേവിള ആയുർവേദ ഡിസ്പെൻസറി

 കിടത്തി ചികിത്സ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു

കൊല്ലം: പള്ളിമുക്കുകാരും പരിസരപ്രദേശങ്ങളിലുള്ളവരും കഷായ ആശുപത്രിയെന്ന് സ്നേഹപൂർവ്വം വിളിക്കുന്ന വടക്കേവിള ആയുർവേദ ഡിസ്പെൻസറിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

1956 ലാണ് വടക്കേവിള അയുർവേദ ഡിസ്പെൻസറി പ്രവർത്തനം ആരംഭിച്ചത്. ഇതിനുശേഷം പ്രവർത്തനം തുടങ്ങിയ ജില്ലയിലെ പല ആയുർവേദ ഡിസ്പെൻസറികളിലും കിടത്തി ചികിത്സയുണ്ട്. പക്ഷേ പള്ളിമുക്കുകാരുടെ കഷായ ആശുപത്രിയെ അധികൃതർ ബോധപൂർവ്വം അവഗണിക്കുകയാണെന്ന ആക്ഷേപം നാട്ടുകാർക്കിടയിലുണ്ട്.

 താളം തെറ്റിയ പ്രവർത്തനം

മറ്റ് ഡിസ്പെൻസറികളിലേത് പോലെ ഒരു മെഡിക്കൽ ഓഫീസറും ഫാർമസിസ്റ്റും അറ്റൻഡറും പാർട്ട് ടൈം സ്വീപ്പറും അടക്കം നാല് ജീവനക്കാരാണ് വടക്കേവിള ആയുർവേദ ഡിസ്പെൻസറിയിലുമുള്ളത്. ആരെങ്കിലും ഒരാൾ അവധിയിലായാൽ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റും. ഒരുദിവസം ശരാശരി 80 പേർ ആശുപത്രിയിൽ ചികിത്സ തേടി എത്താറുണ്ട്. മെഡിക്കൽ ഓഫീസറുടെ അവധി ദിവസങ്ങളിൽ പുതുതായി എത്തുന്ന രോഗികളെ ചികിത്സിക്കാറില്ല. നേരത്തെ വന്നിട്ടുള്ളവർക്ക് പഴയ കുറിപ്പ് പ്രകാരം മരുന്ന് കൊടുക്കുന്നതാണ് പതിവ്.

 അസൗകര്യങ്ങളിൽ ശ്വാസം മുട്ടി..

ചെറുമഴ പെയ്താൽ തന്നെ ഡിസ്പെൻസറിയുടെ വർഷങ്ങൾ പഴക്കമുള്ള ഓടിട്ട കെട്ടിടം ചോർന്നൊലിച്ച് കുളമാകുന്ന അവസ്ഥയാണ്. പള്ളിമുക്കിന്റെ ഹൃദയഭാഗത്ത് 36 സെന്റ് ഭൂമിയിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. അഞ്ച് മുറികളിലായാണ് ഒ.പിയും സ്റ്റോക്ക് റൂമും ഡോക്ടറുടെ പരിശോധനാ സ്ഥലവും പ്രവർത്തിക്കുന്നത്.

പല ആയുർവേദ ഡിസ്പെൻസറികളിലും സ്ഥല സൗകര്യം ഇല്ലാത്തതിനാലാണ് പുതിയ കെട്ടിടം നിർമ്മിക്കാത്തത്. എന്നാൽ ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും പള്ളിമുക്ക് ഡിസ്പെൻസറിയെ അവഗണിക്കുകയാണ്. ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ എല്ലാ ബഡ്‌ജറ്റുകളിലും നഗരസഭ പണം നീക്കിവക്കുന്നതല്ലാതെ അതുമായി ബന്ധപ്പെട്ട് യാതൊരു ഇടപെടലും നടന്നിട്ടില്ല.

''നിരവധി പേർ ആയുർവേദ ഡിസ്പെൻസറിയിൽ ചികിത്സ തേടി എത്തുന്നുണ്ടെങ്കിലും അധികൃതരാരും തിരിഞ്ഞുനോക്കുന്നില്ല. എത്രയും വേഗം പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് കൂടുതൽ ഡോക്ടർമാരെ നിയമിച്ച് കിടത്തി ചികിത്സ ആരംഭിക്കണം.''

ഷെരീഫ് കുട്ടി (പരിസരവാസി)