ഇന്ത്യയിൽനിന്ന് പങ്കെടുത്തത് അമൃത സർവകലാശാല മാത്രം
അമൃതപുരി: മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) റിമോട്ട് കൺട്രോൾ റോബോട്ടുകൾ രൂപകൽപ്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച അന്താരാഷ്ട്ര മത്സരമായ റോബോകോണിൽ അമൃത സർവകലാശാലയിൽനിന്നുള്ള ഋത്വിക് നയിച്ച ടീം ഒന്നാം സ്ഥാനം നേടി. എൻ.ദീപക്, ജി.രവിതേജ, സി. ഋത്വിക്, എ. ഫണീന്ദ്രകുമാർ എന്നിവരും അമൃത സർവകലാശാലയുടെ ഹ്യുമാനിറ്റേറിയൻ ടെക്‌നോളജീസ് ലാബിലെ പ്രൊഫ. ഡോ. രാജേഷ് കണ്ണൻ മേഘലിംഗവും അടങ്ങിയ സംഘമാണ് പങ്കെടുത്തത്. ഋത്വിക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അടങ്ങിയ ടീം ഒന്നാമതെത്തിയപ്പോൾ രവിതേജയുടെ നേതൃത്വത്തിലുള്ള ടീം സെമി ഫൈനൽ കടന്നു.
യുവ എൻജിനീയർമാർക്ക് അനുഭവപരിചയവും ക്രിയാത്മകതയും വർദ്ധിപ്പിക്കുന്നതിനുവേണ്ടി 1990 മുതൽ നടത്തിവരുന്നതാണ് റോബോകോൺ.
വിവിധ സർവകലാശാലയിൽനിന്നുള്ള വിദ്യാർത്ഥികളെ ഓരോ ടീമിലും ഉൾപ്പെടുത്തും. രണ്ടാഴ്ചത്തെ സമയത്തിനുള്ളിൽ നിർദ്ദേശിക്കപ്പെട്ട വെല്ലുവിളി പരിഹരിക്കുന്നതിനായി ഒരു റോബോട്ട് രൂപപ്പെടുത്തുകയെന്നതായിരുന്നു ദൗത്യം.
ഉപഗ്രഹത്തിൽനിന്നും ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് സജ്ജമായ മൂൺ റോവർ രൂപപ്പെടുത്തുന്നതായിരുന്നു റോബോകോൺ 2019ലെ വിഷയം. ചന്ദ്രോപരിതലത്തിൽനിന്നും പാറക്കഷണങ്ങൾ പെറുക്കിയെടുക്കാനും പതാക സ്ഥാപിക്കാനും തിരികെ രണ്ട് മിനിട്ടിനുള്ളിൽ ഉപഗ്രഹത്തിൽ തിരികെയെത്തുന്നതിനും സാധിക്കണമായിരുന്നു. ഇന്ത്യയ്ക്കു പുറമെ യു.എസ്.എ, ജപ്പാൻ, സിംഗപ്പൂർ, ചൈന, ബ്രസീൽ, സൗത്ത് കൊറിയ, തായ്‌ലൻഡ്, ഈജിപ്ത് എന്നിങ്ങനെ 11 രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.