കൊല്ലം: വഴിയാത്രക്കാരായ സ്ത്രീകളെ തോക്കിൻ മുനയിൽ നിറുത്തി മാല പൊട്ടിച്ചെടുത്ത കേസിലെ മുഖ്യ പ്രതി ഡൽഹി സ്വദേശി സത്യദേവിനെ കൊട്ടാരക്കര കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പ്രതിയെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
രണ്ട് കൊലപാതകം ഉൾപ്പെടെ നൂറിലേറെ ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ സംഘ തലവനുമായ സത്യദേവിനെ പാർപ്പിക്കുന്നതിനാൽ സ്റ്റേഷന് സായുധ പൊലീസിന്റെ സുരക്ഷ ഏർപ്പെടുത്തി
ഇന്നലെ വൻ പൊലീസ് സുരക്ഷയോടെയാണ് സത്യദേവിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും കൊട്ടാരക്കര കോടതിയിലെത്തിച്ചത്. സെപ്തംബർ 28ന് രാവിലെ 9.30ന് ആറുമുറിക്കട- നെടുമൺകാവ് റോഡിൽ വച്ച് വീട്ടമ്മയുടെ രണ്ട് പവന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ തുടർ അന്വേഷണത്തിനായാണ് എഴുകോൺ സി.ഐ ടി.ശിവപ്രകാശ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്. എട്ട് ദിവസത്തേക്ക് വേണമെന്ന അപേക്ഷയിൽ ഏഴ് ദിവസം അനുവദിച്ചുകൊണ്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ടി.ജയകുമാർ ഉത്തരവായി. സർക്കാർ ഭാഗത്തിന് വേണ്ടി അസി.പബ്ളിക് പ്രോസിക്യൂട്ടർ റോയി ടൈറ്റസും പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകനായ ആർ.അജിയും കോടതിയിൽ ഹാജരായി.
കുണ്ടറയിലെ മൂന്ന് കേസുകളിൽ ബുധനാഴ്ചയും കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ഇന്നലെയും സത്യദേവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈദരാബാദിലും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ ആരംഭിച്ചു. കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് ഏതെങ്കിലുമൊരു ദിവസമായിരിക്കും തെളിവെടുപ്പ്. ബൈക്ക് മോഷ്‌ടിച്ച കുണ്ടറ റെയിൽവേ സ്റ്റേഷൻ പരിസരം, വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുത്ത കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
കൂട്ടാളികളായ മൂന്ന് മോഷ്‌ടാക്കളെ കണ്ടെത്താനായി കൊട്ടാരക്കര റൂറൽ പൊലീസ് സംഘം ഡൽഹിയിൽ തുടരുകയാണ്.