പരവൂർ: മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസായിരുന്ന പൊതുകിണർ ഇടിഞ്ഞുതാഴ്ന്ന് മാസങ്ങളായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. പരവൂർ മുൻസിപ്പാലിറ്റി പരിധിയിൽ പെരുമ്പുഴ ശക്തി ക്ഷേത്രത്തിന് സമീപമുള്ള പൊതുകിണറാണ് മാസങ്ങൾക്ക് മുമ്പ് ഇടിഞ്ഞുതാഴ്ന്ന് ഉപയോഗശൂന്യമായി കിടക്കുന്നത്.
കിണറിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തി പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് സമീപവാസികൾ നിരവധി തവണ അധികൃതർക്ക് പരാതി സമർപ്പിച്ചതായി പറയുന്നു. അതേസമയം പരാതിയിന്മേൽ തുടർനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.