കൊല്ലം: ഇത്തവണത്തെ ജില്ലാ സ്കൂൾ മേളകൾ മാറനാട് എച്ച്.എസിൽ ശാസ്ത്ര നാടക മത്സരത്തോടെ ഇന്ന് തുടങ്ങും. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി മേളകൾ കൊല്ലം സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, തേവള്ളി മോഡൽ ബി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി 24, 25 തീയതികളിൽ നടക്കും.
ജില്ലാ കായികമേള ഈമാസം 29,30, 31 തീയതികളിൽ കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിലാണ്. ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 19, 20, 21 തീയതികളിൽ പൂയപ്പള്ളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കേന്ദ്രീകരിച്ച് വിവിധ വേദികളിൽ നടക്കും
എ.കെ.എസ്.ടി.യു ജില്ലാ കലോത്സവ കമ്മിറ്റികൾ ഏറ്റെടുക്കില്ല
ഇത്തവണത്തെ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കമ്മിറ്റികളും ഏറ്റെടുക്കേണ്ടെന്ന് സി.പി.ഐയുടെ അദ്ധ്യാപക സംഘടനയായ എ.കെ.എസ്.ടി.യുവിന്റെ തീരുമാനം. മുൻധാരണ പ്രകാരം ഇത്തവണത്തെ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി നൽകാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
നേരത്തെ മൂന്ന് വർഷത്തെ ഇടവേളയിൽ എ.കെ.എസ്.ടി.യുവിന് പ്രോഗ്രാം കമ്മിറ്റി നൽകിയിരുന്നു.
ഇങ്ങനെ 2008 ലും 2011ലും എ.കെ.എസ്.ടി.യുവിന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം കമ്മിറ്റി പ്രവർത്തിച്ചിരുന്നത്. 2014 ൽ അടുത്ത അവസരമെത്തിയപ്പോൾ കെ.എസ്.ടി.എ ഏറ്റെടുത്തു. 2017ൽ മൂന്ന് സംഘടനകളും പരസ്പരം നടത്തിയ ചർച്ചയിൽ മൂന്ന് വർഷത്തിലൊരിക്കൽ എ.കെ.എസ്.ടി.യുവിനും പ്രോഗ്രാം കമ്മിറ്റി നൽകാൻ ധാരണയായിരുന്നു. ഇതുപ്രകാരം ഇത്തവണത്തെ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ലഭിക്കേണ്ടത് എ.കെ.എസ്.ടു.യുവിനായിരുന്നു. എന്നാൽ ഡി.ഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അദ്ധ്യാപക സംഘടനകളുടെ യോഗം ഇത്തവണത്തെ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി കെ.പി.എസ്.ടി.എയ്ക്ക് നൽകാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് കമ്മിറ്റികൾ ബഹിഷ്കരിക്കുന്നതെന്ന് എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് അബ്ദുൽ ജലീലും സെക്രട്ടറി കെ.എസ്. ഷിജുകുമാറും പറഞ്ഞു.