പുനലൂർ: പുനലൂർ പട്ടണത്തിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കും അനധികൃത വാഹന പാർക്കിംഗും മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താൻ പുനലൂർ നഗരസഭയും കേരളകൗമുദിയും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. നിരവധി ചർച്ചകളും നിർദ്ദേശങ്ങളും സെമിനാറിൽ ഉയർന്നു. ജനപ്രതിനിധികൾ, സന്നദ്ധസംഘടനാ പ്രവർത്തകർ, വ്യാപാരികൾ, വിദ്യാർത്ഥികൾ, ഡ്രൈവർമാർ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, ഉദ്യോഗസ്ഥർ അടക്കമുളളവർ ചച്ചയിൽ പങ്കെടുത്തു.
നഗരസഭ ചെയർമാൻ കെ. രാജശേഖരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷ സുശീല രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, വി. ഓമനക്കുട്ടൻ, കൗൺസിലർമാരായ ജി. ജയപ്രകാശ്, എസ്. സനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പുനലൂർ എസ്.ഐ ജെ. രാജീവ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. അജി, അസി. ഇൻസ്പെക്ടർ രാംജി കെ.കരൻ എന്നിവർ ക്ലാസുകൾ നയിച്ചു. കേരളകൗമുദി പുനലൂർ ലേഖകൻ ഇടമൺ ബാഹുലേയൻ സ്വാഗതവും കൗൺസിലർ എസ്.സുബിരാജ് നന്ദിയും പറഞ്ഞു.