പത്തനാപുരം: പത്തനാപുരം പഞ്ചായത്തിലെ അനധികൃത അറവുശാലകളുടെ പ്രവർത്തനം നിറുത്തിവയ്ക്കാൻ പുനലൂർ അഡിഷണൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കേരളകൗമുദി ഫ്ലാഷ് വാർത്തയെ തുടർന്ന് ആരോഗ്യവകുപ്പിന്റെയും പത്തനാപുരം ഗ്രാമ പഞ്ചായത്തിന്റെയും നിർദേശം പരിഗണിച്ചാണ് കോടതി വിധി. റവന്യൂ അധികൃതർ,പഞ്ചായത്ത് ഉദ്യോഗസ്ഥർ,പൊലീസ് ഇൻസ്പെക്ടർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ ഇടത്തറ,നെടുംപറമ്പ്,വാഴപ്പാറ പ്രദേശത്തെ കശാപ്പുശാല നടത്തിപ്പുകാരുടെയും ഭാഗം വിശദമായി കേട്ടശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
കശാപ്പ് നടത്താൻ ഇടത്തറ, നെടുംപറമ്പ്,വാഴപ്പാറ പ്രദേശങ്ങളിൽ വീടുകളിലും തോട്ടങ്ങളിലും നിർമ്മിച്ചിരിക്കുന്ന കോൺക്രീറ്റ് ടാങ്കുകൾ, തറകൾ എന്നിവ പൊളിച്ച് നീക്കണം. ഇത് ഉറപ്പാക്കാൻ പ്രദേശത്ത് അധികൃതർ സംയുക്തപരിശോധന നടത്തണം. സംഘത്തിന് പൊലീസ് സംരക്ഷണം ഒരുക്കണം. അനധികൃത അറവുശാലകളുടെ പ്രവർത്തനം തുടർന്നാൽ നടത്തിപ്പുകാർക്ക് 50,000 രൂപ പിഴയും രണ്ട് വർഷം തടവ് ശിക്ഷയും നല്‍കും.പഞ്ചായത്തിലെ എട്ട് അംഗീകൃത സ്ലോട്ടർ ഹൗസിലേക്കുള്ള മാംസം തിരുവല്ലയിൽ നിന്നും കൊണ്ടുവന്ന് വില്‍പന നടത്തണം. ജനവാസമില്ലാത്ത മേഖലയിൽ ഒരു സ്ലോട്ടർ ഹൗസ് നിർമ്മിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരം വാങ്ങി പ്രവർത്തിക്കാൻ അനധികൃത സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. അനധികൃത അറവുശാലകൾക്കെതിരെ വാഴപ്പാറ മേഖലയിൽ ജനകീയ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.