v
സി.പി.ഐ വോട്ട് അസാധുവായി കുണ്ടറയിൽ എൽ.ഡി.എഫിന് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനം നഷ്ടമായി

കുണ്ടറ: ഗ്രാമപഞ്ചായത്തിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ.അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് എൽ.ഡി.എഫ് അംഗം പരാജയപ്പെട്ടു. പഞ്ചായത്തിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന റുഡോൾഫ് ആന്റണി ഇട്ടൂട്ട് മരിച്ചതിനെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 14 അംഗങ്ങളുള്ള ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറുവീതവും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളുണ്ട്. ബി.ജെ.പി. അംഗങ്ങൾ വിട്ടുനിന്ന തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ ഉഷ ശശിധരനും ആർ.എസ്.പിയിലെ അനിലുമായിരുന്നു സ്റ്റാന്റിംഗ് കമ്മിറ്റി അംഗമാകാൻ മത്സരിച്ചത്. സി.പി.ഐ അംഗം സിന്ധു രാജേന്ദ്രന്റെ വോട്ടാണ് അസാധുവായത്. ഇതോടെ ആർ.എസ്.പി. അംഗം അനിൽ വിജയിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രന്റെ ഭാര്യയാണ് സിന്ധു. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത യു.ഡി.എഫ് ഭരണസമിതിയെ സിന്ധു രാജേന്ദ്രൻ സഹായിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

പരാജയപ്പെടാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് സി.പി.ഐ. കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ പറഞ്ഞു.

എൽ.ഡി.എഫിന് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം നഷ്ടമായ സാഹചര്യം സി.പി.ഐ. സംഘടനാതലത്തിൽ പരിശോധിക്കണമെന്നും ഉത്തരവാദികളായവർക്കെതിരെ മതിയായ നടപടികൾ സ്വീകരിക്കണമെന്നും സി.പി.എം. ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.എൽ.സജികുമാർ ആവശ്യപ്പെട്ടു.