ലഭിച്ച രണ്ട് ടെണ്ടറുകളും തള്ളി
കൊല്ലം: മൺറോതുരുത്തുകാരുടെ ചിരകാല സ്വപ്നമായ പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണം വീണ്ടും പ്രതിസന്ധിയിൽ. പാലം നിർമ്മാണത്തിനായി ചെറിയാൻ ആൻഡ് വർക്കി കമ്പനിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും സമർപ്പിച്ച ടെണ്ടറുകൾ സാങ്കേതിക പിഴവുകളെ തുടർന്ന് തള്ളി.
പഴക്കമുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് നൽകിയതാണ് ചെറിയാൻ ആൻഡ് വർക്കിയുടെ ടെണ്ടർ തള്ളാൻ കാരണം. മറ്റൊരു പദ്ധതിക്കായി തയ്യാറാക്കിയ ബാങ്കിംഗ് രേഖകൾ സമർപ്പിച്ചതാണ് ഊരാളുങ്കലിന്റെ ടെണ്ടർ തള്ളാൻ കാരണം. ഇരുകമ്പനികളെയും അയോഗ്യരാക്കി. വൈകാതെ തന്നെ പദ്ധതി വീണ്ടും റീ ടെണ്ടർ ചെയ്യാനുള്ള ഒരുക്കത്തിലാണ് നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ്.
പെരുമൺ- പേഴുംതുരുത്ത് പാലം ഇനി രണ്ടാം തവണയാണ് റീ ടെണ്ടർ ചെയ്യുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മാർച്ച് 2നാണ് പാലം നിർമ്മാത്തിന്റെ ടെണ്ടർ നടപടികൾ ആരംഭിച്ചത്.
നഷ്ട പരിഹാര തുക ഉടൻ
പാലം നിർമ്മാണത്തിനായി ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം നൽകാനായി 2.61 കോടി രൂപ കിഫ്ബി നിർവഹണ ഏജൻസിയായ റോഡ് ഫണ്ട് ബോർഡിന് കൈമാറി. വസ്തുവിന്റെ രജിസ്ട്രേഷൻ നടക്കുന്ന മുറയ്ക്ക് തുക പൊതുമരാമത്ത് വകുപ്പ് വഴി ഭൂമി വിട്ടുനൽകിയവർക്ക് കൈമാറുമെന്ന് എം. മുകേഷ് എം.എൽ.എ പറഞ്ഞു.