# 2018ലെ സന്ദർശകർ: 79,395
# 2019 (സെപ്തംബർവരെ): 88,918
# മൊത്തം വൃസ്തൃതി: 13.37 ച. കി.
# മുങ്ങിത്താഴുന്നത്: 40% പ്രദേശം
കൊല്ലം: വെള്ളത്തിൽ മുങ്ങിത്താഴുന്ന മൺറോതുരുത്തിന് വെള്ളംതന്നെ അനുഗ്രഹമായി മാറുന്നു. വിനോദ സഞ്ചാരികളുടെ വേലിയേറ്റമാണിപ്പോൾ. തുരുത്ത് നിവാസികളുടെ ഉറക്കം കെടുത്തിയിരുന്ന വെള്ളവും വേലിയേറ്റവുമെല്ലാം ആസ്വദിക്കാൻ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും എത്തുന്നു. ഉപജീവന മാർഗ്ഗമായിരുന്ന കയർപിരിയും മത്സ്യകൃഷിയും തകർന്നതിന്റെ അങ്കലാപ്പിലായിരുന്ന നാട്ടുകാർക്ക് വിനോദസഞ്ചാരം പുതിയ തൊഴിൽ മാർഗം തുറന്നുകൊടുത്തു. അഷ്ടമുടിക്കായലും കല്ലടയാറും തഴുകുന്ന തുരുത്തുകളിലെ വിശാലമായ ജലാശയങ്ങളും കൈത്തോടുകളും സമൃദ്ധമായി പൂത്തുലയുന്ന കണ്ടലുകളും അപൂർവ ഇനം പക്ഷികളും തുമ്പികളുമൊക്കെ സഞ്ചാരികളുടെ ഹരമായി മാറിക്കഴിഞ്ഞു. തുഴവഞ്ചികളിൽ ചുറ്റിക്കറങ്ങി പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ അവധി ദിനങ്ങളിൽ വൻ തിരക്കാണിപ്പോൾ.
സഞ്ചാരികൾ എത്തുന്നത്:
പഞ്ചായത്തിലെ കിടപ്രം തെക്ക്, വടക്ക്, കൺട്രാംകാണി, പട്ടംതുരുത്ത് ഈസ്റ്റ്, വെസ്റ്റ്, പെരുങ്ങാലം, നെൻമേനി തെക്ക് തുടങ്ങിയ വാർഡുകളിലെ ഈ പ്രദേശത്താണിപ്പോൾ വിനോദസഞ്ചാരികളും എത്തുന്നത്. മണക്കടവ് എസ് വളവിൽ വിശാലമായ കായലിൽ വഞ്ചികളിൽ കയറി തുഴയാൻ നിത്യേന നൂറുകണക്കിന് ആളുകൾ എത്തും. അവധിദിനങ്ങളിൽ വൻ തിരക്കാണ്.
റിസോർട്ടുകൾ: 3
ഹോംസ്റ്റേകൾ: 30
പ്രദേശത്തെ 200 ഓളം കുടുംബങ്ങൾ വിനോദ സഞ്ചാര വികസനവുമായി ബന്ധപ്പെട്ട് ജീവിതമാർഗ്ഗം കണ്ടെത്തിക്കഴിഞ്ഞു. മൂന്ന് റിസോർട്ടുകൾ, 30 ഓളം ഹോംസ്റ്റേകൾ. ഒരു റിസോർട്ടൊഴികെ മറ്റെല്ലാം നാട്ടുകാർ തന്നെ തുടങ്ങിയതാണ്. നല്ല വീടുകളെല്ലാം മോടി പിടിപ്പിച്ച് ഹോംസ്റ്റേകളായി മാറുന്നു. പുതിയ ഇടങ്ങളും തയ്യാറാകുന്നു. കാഴ്ചക്കാരായെത്തുന്നവർ കരിമീൻ, ചെമ്മീൻ, ഞണ്ട്, കായൽ മത്സ്യ വിഭവങ്ങൾ ആസ്വദിക്കാനെത്തുന്നതിനാൽ മത്സ്യകൃഷിയും വികസിക്കുകയാണ്. ടൂറിസ്റ്റുകളെ ആകർഷിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും വിവിധ പദ്ധതികളുമായി സജീവമാണ്. കൗൺസിലിന്റെ വെബ്സൈറ്റ്, ഓൺലൈൻ പ്രൊമോഷനിലൂടെ വിദേശ സഞ്ചാരികൾക്കും ഇഷ്ട തുരുത്തായി മൺറോതുരുത്ത് മാറി.
50 വഞ്ചികൾ
കണ്ടലുകൾ അതിരിടുന്ന കൈത്തോടുകളിലൂടെ തുഴവഞ്ചിയിലെ യാത്ര വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമായി മാറിയതോടെ 50 ലധികം വഞ്ചികളാണ് ദിവസേന യാത്രക്കാരുമായി ചുറ്റുന്നത്. എല്ലാം നാട്ടുകാരുടെ വഞ്ചികളാണ്. മണിക്കൂറിന് 500 രൂപവരെയാണ് നിരക്ക്. 5 മണിക്കൂർവരെ ചുറ്റിക്കാണാനുള്ള കാഴ്ചകളുണ്ടിവിടെ.
'വഞ്ചികളിൽ സഞ്ചാരികളുമായി ചുറ്റിയാൽ നിത്യേന നല്ല വരുമാനമുണ്ട്. ഞങ്ങളുടെ തൊഴിലില്ലായ്മ മാറി. ഒരിയ്ക്കൽ വരുന്നവർ വീണ്ടും വരും"
ബാലൻ,
വള്ളക്കാരൻ
'കണ്ടലുകൾക്കിടയിലൂടെ ചെറുവള്ളങ്ങളിൽ 5 മണിക്കൂറോളം യാത്രചെയ്യാവുന്ന മറ്റൊരു സ്ഥലവുമില്ല. ടൂറിസം വികസനത്തിന് പഞ്ചായത്ത് നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ട്."
ബിനു കരുണാകരൻ,
പ്രസിഡന്റ്,
മൺറോതുരുത്ത് ഗ്രാമ പഞ്ചായത്ത്