കൊല്ലം: പള്ളിമുക്ക് - ഇരവിപുരം റോഡ് റീ ടാറിംഗിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികൾ നീളുന്നതിനാൽ നാട്ടുകാരുടെ ബുദ്ധിമുട്ട് ദിനംപ്രതി രൂക്ഷമാകുന്നു. കടുത്ത പൊടിശല്യം കാരണം റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവർക്ക് ശ്വാസമെടുക്കാൻ പോലുമാകാത്ത അവസ്ഥയാണ് നിലവിൽ.
തകർന്ന് തരിപ്പണമായ റോഡിന്റെ പുനർനിർമ്മാണത്തിന്റെ ആദ്യഘട്ട പ്രവൃത്തികൾ മൂന്ന് മാസം മുമ്പ് ആരംഭിച്ചപ്പോൾ പ്രദേശവാസികൾ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ റീ ടാറിംഗിന് മുന്നോടിയായുള്ള ഓടകളുടെ നവീകരണം അനന്തമായി നീളുകയാണ്. ഇതിനിടെ പൊളിഞ്ഞ് കുഴിരൂപപ്പെട്ട ഭാഗങ്ങളും കയറ്റിറക്കങ്ങളും മെറ്റൽ പാകി നിരപ്പാക്കിയിരുന്നു. ഇതിന് മുകളിൽ വാഹനങ്ങൾ കയറിയിറങ്ങിയതോടെയാണ് മെറ്റൽ ഇളകി പൊടിശല്യം രൂക്ഷമായത്.
റോഡിന്റെ വശങ്ങളിലെ വീടുകൾക്കുള്ളിലേക്ക് വരെ പൊടി അടിച്ചുകയറുകയാണ്. ഇതുമൂലം പ്രായമേറിയവർക്കും കുട്ടികൾക്കും ശ്വാസ സംബന്ധമായ അസ്വസ്ഥതകളും അനുഭവപ്പെട്ട് തുടങ്ങി. റോഡ് വക്കിലെ വ്യാപാരസ്ഥാപനങ്ങൾ പൊടിശല്യം മൂലം അടച്ചിട്ടിരിക്കുകയാണ്.
പൊടിശല്യം ഒഴിവാക്കാൻ ദിവസം രണ്ട് നേരം വെള്ളം തളിക്കണമെന്ന വ്യവസ്ഥ പാലിക്കാനും കരാറുകാരൻ തയ്യാറാകുന്നില്ല. മഴ മാറി നിന്നാൽ ഉടൻ റീ ടാറിംഗ് തുടങ്ങുമെന്നാണ് ആഴ്ചകളായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞുകൊണ്ടിരിക്കുന്നത്. 2.6 കിലോ മീറ്റർ നീളമുള്ള റോഡ് ബി.എം ആൻഡ് ബി.സി ശൈലിയിൽ 1.9 കോടി ചെലവിലാണ് റീ ടാർ ചെയ്യുന്നത്.