c
ദേശീയ ശ്വാനപ്രദർശനം നാളെ കൊല്ലത്ത്

കൊല്ലം: കൊല്ലം കെന്നൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശ്വാനപ്രദ‌ർശനം നാളെ നടക്കുമെന്ന് ക്ലബ് ഭാരവാഹികൾ വാ‌ർത്താ സമ്മേളനത്തിൽ അറിയിച്ചു. ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന പ്രദർശനം രാവിലെ 11ന് മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ഡൽഹിയിൽ നിന്നുള്ള ശ്യാം മേത്തയും കാൺപൂരിൽ നിന്നുള്ള ശ്രീരഞ്ജിത്ത് എസ്. മുഞ്ജാലും വിധി നി‌ർണയം നടത്തും. 4 മണി മുതൽ നായപ്രദർശന മത്സരവും 5 മണിക്ക് കേരള പൊലീസ് ഡോഗ് സ്ക്വാഡിന്റെ ആറോളം നായ്‌ക്കളുടെ അഭ്യാസ പ്രകടനവും നടക്കും.

രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. മഹാരാഷ്ട്ര, തമിഴ്നാട്, ക‌ർണാടകം, ആന്ധ്രപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 36 ൽ പരം ജനുസുകളിലായി 250 ലേറെ നായകൾ പ്രദർശനത്തിൽ പങ്കെടുക്കും.

കെനൽ ക്ലബ് ഒഫ് ഇന്ത്യയുടെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ ജനപ്രിയ ഇനങ്ങളായ വിദേശികളും സ്വദേശികളും പങ്കെടുക്കും. കൊല്ലം കെനൽ ക്ലബ് പ്രസിഡന്റ് മനോജ് കെ. കുമാർ, ഓണററി സെക്രട്ടറി ഡോ.ബി. അരവിന്ദ്, ഷോ സെക്രട്ടറി ശ്രീലാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

പങ്കെടുക്കുന്ന വീരന്മാർ....

ലാബ്രഡോർ, ജർമ്മൻ ഷെപ്പേർഡ്, റോട്ട്‌വീലർ, പഗ് കൂടാതെ ജപ്പാനിൽ നിന്നുള്ള അകിത, ബ്രസീലിലെ ഫില ബ്രസീലിയ, അമേരിക്കൻ സേനയുടെ കരുത്തായ ബെൽജിയൻ മലിനോയിസ്, സിംഹ പ്രൗഢിയുമായി ചൗ ചൗ, ആറടിയിലേറെ പൊക്കമുള്ള ഗ്രേറ്റ് ഡെയ്ൻ, 20 ലക്ഷത്തിലേറെ വിലയുള്ള റോട്ട്‌വീലർ, നീലക്കണ്ണുള്ള കമ്പിളി രോമാവൃതമായ സൈബീരിയൻ ഹസ്കി, ശൗര്യക്കാരനായ കുഞ്ഞൻ ഷിവാവ, വൊഡാഫോൺ പരസ്യത്തിലൂടെ പ്രശസ്തമായ പഗ്, ആറ് അടിയിൽ താഴെ മഞ്ഞിന്റെ അടിയിൽപെട്ടാലും മണം പിടിച്ചു മനുഷ്യരെ രക്ഷിക്കുന്ന സെന്റ് ബെർണാഡ്, ഉഗ്ര ശൗരിയായ അമേരിക്കൻ സ്റ്റാഫോർഡ് ഷെയർ ടെറിയർ, ഇറ്റലിയിൽ നിന്നുള്ള നിയോപൊളിറ്റൻ മാസ്റ്റിഫ്, വിലയേറിയ നായ്‌ക്കളായ ടിബറ്റിയൻ മാസ്റ്റിഫ്, ഫോക്സ് ടെറിയൻ, ഷിറ്റ്സു, നാലു കിലോഗ്രാമിൽ താഴെ ഭാരമുള്ള മിനിയേച്ചർ പിൻഷെർ, ബീഗിൾ എന്നിവയെ കൂടാതെ മികച്ച രോഗ പ്രതിരോധ ശേഷിയുള്ള ഇന്ത്യയുടെ തനതു നായ ഇനങ്ങളായ രാജപാളയം, കന്നി, ചിപ്പിപ്പാര, കാരവൻ ഹൗണ്ട്.