കൊല്ലം: കൊല്ലം തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നതിന് തടയിടാൻ ഇരുമ്പ് പാലം മുതൽ കൊച്ചുപിലാംമൂട് പാലം വരെ ഇരുവശത്തും ഹരിതഭിത്തി നിർമ്മിക്കും. മൂന്ന് മീറ്റർ ഉയരത്തിൽ സ്റ്രീൽ ചെയിൻ ലിങ്ക് കൊണ്ട് വേലി നിർമ്മിച്ച ശേഷം മനോഹരമായ വള്ളിച്ചെടികൾ പടർത്തിയാകും ഹരിതഭിത്തി നിർമ്മിക്കുന്നത്.
എത്ര തവണ ശുചീകരിച്ചാലും ദിവസങ്ങൾക്കകം തോട്ടിലും കരയിലും മാലിന്യം കുന്നുകൂടുന്നതാണ് കൊല്ലം തോട് നേരിടുന്ന പ്രധാന പ്രശ്നം. രാത്രിയിൽ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും കക്കൂസ് മാലിന്യവും ഹോട്ടലുകളിലെ പഴകിയ ഭക്ഷണാവശിഷ്ടങ്ങളും വാഹനങ്ങളിലെത്തിച്ച് തോട്ടിലേക്ക് തള്ളുന്നുണ്ട്. അനധികൃത അറവുശാലകളിലെ മാംസാവശിഷ്ടങ്ങളുടെ നിക്ഷേപകേന്ദ്രവും കൊല്ലം തോടു തന്നെ.
പുതിയ പാലം നിർമ്മാണത്തിന് തടസമായി കൈയേറ്റക്കാർ
ജലപാത വഴിയുള്ള ഗതാഗതം സുഗമമാക്കാനായി കല്ലുപാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നതിന് തടസമായി കൈയേറ്റക്കാർ രംഗത്ത്. പാലത്തിനോട് ചേർന്ന് തോടിന്റെ കരയിൽ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ഭൂമി കൈയടക്കിവച്ചിരിക്കുന്നവർ തങ്ങൾ ഒരുകാരണവശാലും ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ്. പുതിയ പാലം നിർമ്മിക്കാനുള്ള ആലോചനകൾ തുടങ്ങിയ ഘട്ടത്തിൽ തന്നെ ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. അടുത്ത ദിവസങ്ങളിൽ ഇവരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെ.എസ്.ഇ.ബിക്ക് ഉൾനാടൻ ജലഗതാഗത വകുപ്പ് നോട്ടീസ് നൽകും.
മുഖ്യമന്ത്രിയുടെ നിർദ്ദേശം
ദേശീയജലപാത നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയാണ് കൊല്ലം തോടിന്റെ തീരത്തടക്കം ഹരിതഭിത്തി നിർമ്മിക്കാൻ നിർദ്ദേശം നൽകിയത്. പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പകർച്ചാവ്യാധി ഭീഷണി
മാലിന്യം ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്നതിനാൽ തോടിന്റെ കരയിലെ റോഡിലൂടെ പലപ്പോഴും മൂക്കുപൊത്താതെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. തോടിന്റെ കരയിലുള്ളവർ പകർച്ചാവ്യാധി ഭീഷണിയിലാണ്. ഇതിനൊക്കെ പരിഹാരമായാണ് ഹരിതഭിത്തി നിർമ്മിക്കുന്നത്.
3 മീറ്റർ ഉയരത്തിൽ സ്റ്രീൽ ചെയിൻ ലിങ്ക് കൊണ്ട് വേലി നിർമ്മിച്ച ശേഷം വള്ളിച്ചെടികൾ പടർത്തിയാണ് ഹരിതഭിത്തി നിർമ്മിക്കുന്നത്.