photo
ചൊല്ലിയാട്ടത്തിന്റെ പ്രചരണാർത്ഥമുള്ള ബ്രോഷറിന്റെ പ്രകാശനം ആർ. രാമചന്ദ്രൻ എം.എൽ.എ ആദ്യ പ്രതി രവി മൈനാഗപ്പള്ളിക്ക് നൽകി നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കളിവിളക്ക് ആസ്വാദക സംഘം സംസ്ഥാന തലത്തിൽ ചൊല്ലിയാട്ടം സംഘടിപ്പിക്കുന്നു. നവംബർ 1 മുതൽ 8 വരെ കന്നേറ്റി ധന്വന്തരി ക്ഷേത്ര ഒാഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാനാണ് ചൊല്ലിയാടുന്നത്. തെക്കൻ ചിട്ടയിലെ ആചാര്യനായ ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള ആശാന്റെ ചൊല്ലിയാട്ടവും സംഘടിപ്പിച്ചിട്ടുണ്ട്. കഥകളിയിലെ പ്രധാന വേഷങ്ങൾ ചൊല്ലിയാടി ഭാവി തലമുറയ്ക്ക് പ്രയോജനപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. കഥകളി രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന കലാമണ്ഡലം ബാലസുബ്രഹ്മണ്യനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിക്കും. ചൊല്ലിയാട്ടത്തിന്റെ ബ്രോഷർ പ്രകാശനം ആർ. രാമചന്ദ്രൻ എം.എൽ.എ ആദ്യപ്രതി രവി മൈനാഗപ്പള്ളിക്ക് നൽകി നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. കണ്ണൻ കന്നേറ്റിൽ, സുരേഷ് ചാമവിള, ശ്രീകുമാർ കുരുമ്പോലിൽ, കലാമണ്ഡലം പ്രശാന്ത്, സന്തോഷ് കരുനാഗപ്പള്ളി, ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.