കൊല്ലം: പെരിനാട് കലാവേദിയുടെ സുവർണ ജൂബിലി ആഘോഷങ്ങളും നവരാത്രി മഹോത്സവവും സമാപിച്ചു. സമാപന സമ്മേളനം മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കലാവേദി സുവർണ്ണ ജൂബിലി സമഗ്ര പുരസ്‌കാരങ്ങളായ എൻ. ശ്രീകണ്ഠൻ നായർ പുരസ്‌കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ബേബി ജോൺ പുരസ്‌കാരം സി.വി. പത്മരാജനും ജയൻ പുരസ്‌കാരം ഇന്നസെന്റും ഏറ്റുവാങ്ങി.
ബാബു ദിവാകരൻ മുഖ്യാതിഥി ആയിരുന്നു. കലാവേദി ചെയർമാൻ സി. മോഹനചന്ദ്രൻ പിള്ള സമ്മാനദാനവും വനിതാസംഘം സെക്രട്ടറി ഗിരിജാശേഖരൻ തണൽ വേദി ചികിത്സാ സഹായവും കലാവേദി ജോയിന്റ് സെക്രട്ടറി എം. സുരേഷ് കുമാർ അവാർഡ് ദാനവും നിർവഹിച്ചു.
സംഘാടക സമിതി ചെയർമാൻ ആർ. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. സന്തോഷ് കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി.വി. വിമൽകുമാർ സ്വാഗതവും പബ്ലിസിറ്റി കൺവീനർ ബൽറാം സജീവ് നന്ദിയും പറഞ്ഞു. തുടർന്ന് ഗാനമേളയും നടന്നു.