കൊല്ലം: പാർട്ടി കമ്മിറ്റികളിൽ എത്ര വലിയ തർക്കങ്ങളുണ്ടായാലും ഫിലിപ്പ് വക്കീൽ സൗമ്യമായേ സംസാരിക്കൂ. കോടതി മുറികളിലും അങ്ങനെ തന്നെയായിരുന്നു. എതിർകക്ഷിയുടെ അഭിഭാഷകൻ എത്ര ചൊടിപ്പിച്ചാലും ഫിലിപ്പ് വക്കീൽ സമചിത്തത കൈവിടില്ല. പക്ഷെ പാർട്ടി സമരമുഖങ്ങളിൽ ഉള്ളിൽ ബേബിജോണും ആർ.എസ്. ഉണ്ണിയും കൊളുത്തിയ കനൽ കത്തിജ്വലിക്കുമായിരുന്നു.
കരവാളൂരിലെ പ്രസിദ്ധമായ കോയിപ്പുറം കുടുംബാംഗമായ ഫിലിപ്പ് കെ. തോമസ് ആദ്യം യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു. കൊല്ലം ബാറിൽ അഭിഭാഷകവൃത്തി ആരംഭിച്ച ശേഷം കൊല്ലത്ത് സ്ഥിരതാമസമാക്കിയപ്പോഴാണ് ആർ.എസ്.പി യിൽ ചേർന്നത്. ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുതുടങ്ങിയ അദ്ദേഹം പടിപടിയായാണ് ഉയർന്ന ഘടകങ്ങളിലേക്ക് വളർന്നത്. ഇതിനിടെ ആർ.എസ്.പിയുടെ യുവജനസംഘടനയായ ആർ.വൈ.എഫിന്റെ ആദ്യരൂപമായ പി.വൈ.എഫിന്റെ ഉശിരൻ നേതാവുമായി. 1980 ൽ ആർ.എസ്.പി ദേശീയ സമ്മേളനം കൊല്ലത്ത് നടന്നപ്പോൾ റെഡ് വോളണ്ടിയർ പരേഡിന്റെ ക്യാപ്ടനായിരുന്നു. സമരമുഖങ്ങളിൽ കത്തിജ്വലിച്ച ഫിലിപ്പ് കെ. തോമസിനെ ബേബിജോണും ആർ.എസ്. ഉണ്ണിയും വി.പി. രാമകൃഷ്ണപിള്ളയും ഒരുമിച്ച് നേതൃനിരയിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു. ട്രേഡ് യൂണിയൻ രംഗത്ത് ചുവടുറപ്പിച്ച ഫിലിപ്പ് കെ. തോമസ് പാർവതിമിൽ, കെ.എം.എം.എൽ, മീറ്റർ കമ്പനി അടക്കം ജില്ലയിലെ ഒട്ടുമിക്ക വ്യവസായ സ്ഥാപനങ്ങളിലെയും യു.ടി.യു.സി നേതാവായിരുന്നു.
ഇക്കഴിഞ്ഞ ഓണത്തിന് പാർട്ടി ഓഫീസിലെ ജീവനക്കാർക്കെല്ലാം ബോണസ് നൽകിയ ശേഷം ചെന്നൈയിൽ ഇളയമകന്റെ വീട്ടിലേക്ക് പോയി. അവിടെ വച്ച് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് കരൾ രോഗം ഗുരുതരാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാട്ടിൽ ചികിത്സ തേടാൻ നിർദ്ദേശിച്ചു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചാണ് ശാന്തമായി എരിഞ്ഞ കൊല്ലത്തിന്റെ പ്രിയ നേതാവ് യാത്രയായത്.
ഞായറാഴ്ച അനുശോചനയോഗം
അഡ്വ. ഫിലിപ് കെ. തോമസിന്റെ വിയോഗത്തിൽ അനുശോചിക്കാൻ നാളെ വൈകിട്ട് ചിന്നക്കട ബസ്ബേയിൽ അനുശോചനയോഗം ചേരും. രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.